നീറ്റ് പുനഃപരീക്ഷ വിജയകരമെന്ന് എന്‍.ടി.എ; ചോദ്യങ്ങള്‍ കഠിനമെന്ന് വിദ്യാര്‍ത്ഥികളുടെ പ്രതികരണം

 
Neet


ഡല്‍ഹി: നീറ്റ് പുനഃപരീക്ഷ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ വിജയകരമായി പൂര്‍ത്തിയായതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി 5,454 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

 പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സഹകരിച്ച എല്ലാ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്കും എന്‍.ടി.എ നന്ദി അറിയിച്ചു. മെയ് മൂന്നിന് റദ്ദാക്കിയ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ ചോദ്യപേപ്പര്‍ താരതമ്യേന കഠിനമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പൊതുവായ അഭിപ്രായം.

ഫിസിക്‌സ് ഭാഗം ഏറെ പ്രയാസപ്പെടുത്തിയെന്നും, കെമിസ്ട്രിയും ബയോളജിയും ശരാശരി നിലവാരത്തിലായിരുന്നുവെന്നുമാണ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 

പരീക്ഷാ കേന്ദ്രങ്ങളില്‍ ഒന്നരലക്ഷത്തോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും എന്‍.ടി.എ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കുകയും ചെയ്തു. 51,000 സിഗ്‌നല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിരുന്നു. പരീക്ഷാ നടപടികള്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ട് വിലയിരുത്തി. 

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയ്ക്കിടെ ഗതാഗത നിയന്ത്രണം വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമാകുമെന്ന് കരുതി, പരീക്ഷ ആരംഭിക്കുന്ന സമയം വരെ വിമാനത്താവളത്തില്‍ തുടരുകയും ചെയ്തിരുന്നു. 

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളും കേന്ദ്രസേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷാ വലയവുമാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നത്.

Tags

Share this story

From Around the Web