നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി എടുക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍, എല്ലാ അറസ്റ്റുകളും പുനഃപരിശോധിക്കും
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിനെതിരായി ജൂലൈ 30ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് സര്‍ക്കാര്‍. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ ഉണ്ടായ എല്ലാ അറസ്റ്റുകളും പുനഃപരിശോധിക്കുമെന്നും ആഭ്യന്തര വകുപ്പിറക്കിയ പ്രസ്താവനയില്‍ വിശദമാക്കി. സിജെപി ഇക്കാര്യങ്ങള്‍ നിര്‍ദേശങ്ങളില്‍ ഒന്നായി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
കേസുകളില്‍ അറസ്റ്റോ കസ്റ്റഡിയിലെടുക്കലോ ഇതിനകം നടന്നിട്ടുണ്ടെങ്കില്‍, അവ പുനഃപരിശോധിക്കുന്നതിനും അറസ്റ്റിലായവരെ വിട്ടയക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഉത്തരവിന്റെ സംരക്ഷണം ലഭിക്കില്ല.
2026 ജൂലൈ 29 ന് വൈകുന്നേരം 6 മണി വരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് 13 പൊലീസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയും നടന്നിട്ടുണ്ട്. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖലയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍.
പിവി കുല്‍ക്കര്‍ണി, മനീഷ മന്ദാരെ എന്നീ കെമിസ്ട്രി, ഫിസിക്‌സ് അധ്യാപകരില്‍ നിന്നാണ് ചോദ്യങ്ങള്‍ വ്യാപകമായി ചോര്‍ന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍ സി സി കോച്ചിംഗ് സെന്ററും ചോര്‍ച്ചയുടെ വ്യാപ്തി വലുതാക്കി.
കോച്ചിംഗ് സെന്റര്‍ ഉടമ ശിവരാജ് ഉള്‍പ്പടെ 13 പേരെയാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ശിവരാജ് പകര്‍ത്തിയ 132 കെമിസ്ട്രി ചോദ്യങ്ങളില്‍ 111 എണ്ണവും ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടിരുന്നു. അധ്യാപകരും ഇടനിലക്കാരും അടങ്ങിയ ഒരു വലിയ ശൃംഖലയാണ് ചോര്‍ച്ചയ്ക്ക് പിന്നില്‍.
കുറ്റകൃത്യത്തിന്റെ ഉറവിടം മഹാരാഷ്ട്ര ആണെന്നും കണ്ടെത്തി. മഹാരാഷ്ട്രയില്‍ നിന്ന് രാജസ്ഥാന്‍ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും രണ്ടു വഴികളായാണ് ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. ടെലിഗ്രാം ആപ്പിലൂടെയുള്ള പരിശോധനയാണ് ഈ വിവരങ്ങള്‍ സിബിഐയ്ക്ക് നല്‍കിയത്.