നീണ്ടകര വള്ളം അപകടം; കടലില്‍ കാണാതായ ഗൗതമിനെ കണ്ടെത്താനായില്ല, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മം നടത്തി അമ്മ

 
neendakara


കൊല്ലം: നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയായ മകന്‍ ഗൗതമിന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മങ്ങള്‍ നടത്തി അമ്മ രേഷ്മ. പുത്തന്‍തുറ സ്വദേശി ഗൗതമിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മകന്റെ രൂപം പ്രതീകാത്മകമായി ദഹിപ്പിച്ച് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

മകനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഗൗതമിനൊപ്പം അപകടത്തില്‍പ്പെട്ട രേഷ്മയുടെ ഭര്‍ത്താവിന്റെയും അച്ഛന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗൗതമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മകനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണനയുണ്ടാകുന്നുവെന്ന ആരോപണവുമായി രേഷ്മ നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബത്തിന് ജോലി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് തുടര്‍നടപടികളുണ്ടായില്ലെന്നും രേഷ്മ ആരോപിച്ചു.
വിളിച്ചാല്‍ ഫോണ്‍ പോലും ആരും എടുക്കുന്നില്ലെന്നും അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്നും രേഷ്മ പറഞ്ഞു. മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞിട്ടും ജോലി നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ഗൗതമിനെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ തിരച്ചിലിന് വെല്ലുവിളിയായതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags

Share this story

From Around the Web