ചൊക്രമുടിയില്‍ നീലക്കുറിഞ്ഞിത്തിരക്ക്; നീണ്ട ക്യൂ, പതിനായിരക്കണക്കിന് പേരാണ് ഇതുവരെ പൂക്കാലം കണ്ട് മടങ്ങിയത്
കുഞ്ചിത്തണ്ണി: അവധിദിനമായ രണ്ടാംശനിയാഴ്ചയും ഞായറാഴ്ചയും നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ രണ്ടുദിവസവും നീലക്കുറിഞ്ഞി കാണാന്‍ ചൊക്രമുടിയില്‍ എത്തിയത്.
ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്തതുപോലെ ഗ്യാപ് റോഡിലൂടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്.
രണ്ടാംശനിയാഴ്ച പൊതു അവധി ദിനമായതും തുടര്‍ന്നുവന്ന ഞായറാഴ്ചയും ആണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ചൊക്രമുടിയില്‍ എത്തിയത്. മഴയൊന്നും ഇല്ലാത്ത നല്ല കാലാവസ്ഥയും സഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്.
ചൊക്രമുടിയുടെ താഴ്വാരത്ത് ദേവികുളം ഗ്യാപ്പ് റോഡിന്റെ വശത്തു സ്ഥിതിചെയ്യുന്ന വനംവകുപ്പിന്റെ ബൈസണ്‍ ട്രയല്‍ സെന്ററില്‍ എത്തുന്നതില്‍ പകുതി ആളുകള്‍ മാത്രമേ ടിക്കറ്റെടുത്ത് നീലക്കുറിഞ്ഞി കാണാന്‍ മലമുകളിലേക്ക് പോകുന്നുള്ളൂ.
ദുര്‍ഘടമായ ഒറ്റയടിപ്പാതയിലൂടെ പോകണം എന്നുള്ളതാണ് പല സഞ്ചാരികളെയും ഇതില്‍നിന്ന് വിലക്കുന്നത്.ചൊക്രമുടിയില്‍ ഉള്‍പ്പെടെ മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്.
പതിനായിരക്കണക്കിന് പേരാണ് ഇതുവരെ പൂക്കാലം കണ്ട് മടങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാല്‍ പൂക്കാലത്തിന്റെ ദൈര്‍ഘ്യം കൂടും.