നിലനില്‍പ്പിന് ഒന്നിച്ച് നില്‍ക്കേണ്ടത് ആവശ്യം: സഭകളുടെ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് പാത്രീയര്‍ക്കീസ് ബാവ
കോട്ടയം: സഭകളുടെ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവ. കോട്ടയം മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിലായിരുന്നു പാത്രീയര്‍ക്കീസ് ബാവയുടെ ആഹ്വാനം. വിവാദങ്ങള്‍ക്കിടെയാണ് ഇന്ന് രാവിലെ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയിലെത്തിയത്. കുരുത്തോലകള്‍ ഉള്‍പ്പെടെ ഉയര്‍ത്തി പാത്രീയര്‍ക്കീസ് ബാവയ്ക്ക് യാക്കാബായ സഭാ വിശ്വാസികളുടെ ഊഷ്മള സ്വീകരണം.പാത്രിയര്‍ക്കീസ് ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയര്‍പ്പണം നടന്നു.
നിലനില്‍പ്പിന് ഒന്നിച്ച് നില്‍ക്കേണ്ടത് ആവശ്യം ആണെന്ന് പാത്രീയര്‍ക്കീസ് ബാവ പറഞ്ഞു. ഒരു ഇടയന്‍ മാത്രമുള്ള ഒറ്റസഭയാണ് ഇത്. ഒന്നിച്ച് നില്‍ക്കാന്‍ ഇവിടെ ഉളളവര്‍ തീരുമാനിക്കണം. അതിന് നമ്മള്‍ തയ്യാറാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കുന്നു. മോദി അടക്കം ഉളളവര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നല്ല ലക്ഷ്യത്തോടെ സമാധാനത്തിന് വേണ്ടി ശ്രമിക്കണമെന്ന് പാത്രീയര്‍ക്കീസ് ബാവ പറഞ്ഞു.
സഭകള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ദേവലോകം അരമനയിലേക്ക് ക്ഷണിച്ച ഓര്‍ത്തഡോക്‌സ് സഭയ്ക്ക് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ജോസഫ് കാതോലിക്കാ ബാവ മറുപടി നല്‍കി. പരുമല പള്ളിയില്‍ വച്ചാകട്ടെ ചര്‍ച്ചയെന്ന് കാതോലിക്കാ ബാവ.ഓര്‍ത്തഡോക്‌സ് സഭയുടെ എതിര്‍പ്പിനിടെയായിരുന്നു പാത്രീയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനം.