നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

 
suhail



കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. അമിത വേഗതയ്ക്ക് തെളിവ് ഇല്ലെന്നും, കേസില്‍ ഗൂഡാലോചന ഉണ്ടെന്നും, പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. 


എന്നാല്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും പ്രഥമദൃഷ്ടിയാല്‍ തന്നെ തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ കേസില്‍ എക്‌സൈസും മോട്ടോര്‍ വാഹന വകുപ്പും നടപടികളിലേക്ക് കടന്നിട്ടുണ്ട്.


അപകടത്തിന് ശേഷം പ്രതി 'കേസ് എന്റെ ബാപ്പ നോക്കിക്കോളും' എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഏതെങ്കിലും കേസുകള്‍ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 

സംഭവദിവസം ഓഫീസിലെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.

പ്രതി സുഹൈല്‍ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു. ഓണ്‍ലൈന്‍ വസ്ത്രം വ്യാപാരം സ്ഥാപനമായ ഇഹ ഡിസൈന്‍സിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലാണ് മിനി കൂപ്പര്‍.

Tags

Share this story

From Around the Web