നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികള്‍ക്കും ജാമ്യമില്ല

 
suhail111


അങ്കമാലി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുഹൈല്‍, നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി തള്ളിയത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.


കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവര്‍ എയര്‍പോര്‍ട്ട് ഭാഗം സന്ദര്‍ശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.


സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍, എയര്‍പോര്‍ട്ട് റോഡില്‍ വേഗതയില്‍ ഓടിച്ചാല്‍ എന്താണ് കുഴപ്പമെന്നും അച്ഛന്‍ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരോട് തര്‍ക്കിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.


105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്സാക്ഷി പോലും ഇല്ലാതെ കേസില്‍ ആദ്യം എഫ്.ഐ.ആര്‍. ഇട്ടപ്പോള്‍ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്നുപേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്ക്കൊരു സ്‌കൂട്ടറിലും വരുന്നതില്‍ ദുരൂഹതയുണ്ട്. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാന്‍ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുന്‍പ് ഒരു ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരേ ഇല്ലാതിരുന്നിട്ടും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ആളാണെന്ന് മുദ്രകുത്തിയെന്നും പ്രതിഭാഗം വാദിച്ചിരുന്നു. 

അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനു നേരെ വലിയതോതില്‍ ആക്രമണം നടത്തുകയാണ്. സാമൂഹികമാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതാണ്. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ കാറിലെ യാത്രക്കാരാണ്. ഇവര്‍ കാറോടിച്ച ഒന്നാം പ്രതിയെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം. എഫ്.ഐ.ആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയില്‍ ഇതൊന്നും പറയുന്നില്ല. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയെങ്കില്‍ അപകടം നടന്നിടത്തു നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ. വേഗം തെളിയിക്കുന്ന എന്ത് രേഖയാണുള്ളത്. സി.സി.ടി.വി. ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. സീന്‍ മഹസര്‍ ഒളിപ്പിച്ചുവെച്ചെന്നും പ്രതിഭാഗം വാദിച്ചു. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു. പ്രതികള്‍ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികള്‍. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തില്‍ 161 മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലി ഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളുടെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടനെ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

Tags

Share this story

From Around the Web