നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈലിനെയും മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി, മൂന്ന് ദിവസത്തെ കസ്റ്റഡി തേടി പൊലീസ്

 
SUHAIL


കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പര്‍ കാറപകടക്കേസിലെ മുഖ്യപ്രതി സുഹൈലിനെയും മറ്റ് പ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 


കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

കേസില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

 അപകടസമയത്ത് കാര്‍ മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് മുഖ്യപ്രതി സുഹൈല്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചമുതല്‍ പ്രതികള്‍ വിവിധ ബാറുകളില്‍ ഇരുന്ന് മദ്യം കഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


ഈ ബാറുകളിലെത്തി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും, കോടതിയുടെ കൈവശമുള്ള കാറിന്റെ താക്കോല്‍ ഉള്‍പ്പെടെയുള്ളവ വീണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, മുഖ്യപ്രതി സുഹൈല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി നാളെ (ഒക്ടോബര്‍ 15) വിധി പറയും. 

കാറോടിച്ചിരുന്ന സുഹൈലിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന നിനവ്, അമീന്‍, ജോയല്‍ എന്നിവര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ തയ്യാറായില്ലെന്ന കുറ്റത്തിനാണ് പ്രതിയാക്കിയിരിക്കുന്നത്. നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്ത ശേഷം കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റി.

Tags

Share this story

From Around the Web