നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം,  പ്രതി സുഹൈല്‍ സജീവ് ജാമ്യാപേക്ഷ നല്‍കി; മറ്റന്നാള്‍ പരിഗണിക്കും

 

 
suhail


കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ കോടതി പരിഗണിക്കും.

അതേസമയം, അപകടസമയത്ത് കാര്‍ മത്സരയോട്ടം നടത്തിയോ എന്നതുള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വാദിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. എറണാകുളം റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് ഈ പ്രമാടമായ കേസ് അന്വേഷിക്കുന്നത്. സുഹൈല്‍ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും സംഭവദിവസം മദ്യം കഴിച്ചിരുന്നുവെന്നും, കടുത്ത മദ്യലഹരിയിലാണ് സുഹൈല്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.


കാര്‍ മത്സരയോട്ടം നടത്തിയോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളും ചോദ്യം ചെയ്യലും അത്യന്താപേക്ഷിതമാണെന്ന് പൊലീസ് കോടതിയെ അറിയിക്കും. പ്രതിക്ക് പണവും സ്വാധീനവുമുള്ളതിനാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും. എഫ്‌ഐആറില്‍ പ്രതിയുടെ പേരില്ലെന്ന തരത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും, നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രിയും ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web