നെടുമ്പാശ്ശേരി അപകടം; മരിച്ച ഗോപികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കെ.പി. ശശികല
പാലക്കാട്: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിന് നേരെ കെ.പി. ശശികലയുടെ ഭീഷണിയെന്ന് പരാതി. അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃസഹോദരന്‍ എം.ആര്‍. അനില്‍കുമാര്‍ വെളിപ്പെടുത്തി.
മരിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ പിന്‍വലിപ്പിക്കാന്‍ തയ്യാറാകുകയാണ് ശശികല ചെയ്യേണ്ടതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. മരിച്ച കുട്ടിയോടും ദുഃഖിതരായ കുടുംബത്തോടും അല്‍പ്പം മര്യാദ കാണിക്കാന്‍ തയ്യാറാകണമെന്നും, അതിനുശേഷമേ മാനനഷ്ടവുമായി മുന്നോട്ടു ഇറങ്ങുന്നതില്‍ അര്‍ത്ഥമുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാധ്യമങ്ങളിലൂടെ അത് പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.