നെടുമ്പാശ്ശേരി അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം: കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര് അപകട കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി.
മദ്യശാലകള്ക്ക് അനുമതി നല്കുന്ന സര്ക്കാര് ഈ കേസിലെ കൂട്ടുപ്രതിയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വിമര്ശിച്ചു.
അതേസമയം കേസ് അന്വേഷിക്കാന് എറണാകുളം റൂറല് എസ്പിയുടെ മേല്നോട്ടത്തില് പ്രത്യേക സംഘത്തെ നിയമിച്ചു. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.
അതിനിടെ പ്രതി സുഹൈല് സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. സംഭവത്തില് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് കോടതിയില് ആവശ്യപ്പെട്ടു.
റാഷ് ആന്ഡ് നെഗ്ലിജന്സ് ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികള്ക്ക് ഒരുപാട് സ്വപ്നങ്ങള് ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവര് എന്ന പരിഗണന പ്രതികള്ക്ക് നല്കരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവര് പ്രോസിക്യൂഷന് വ്യക്തമാക്കി.
കേസ് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചിരുന്നു. സബ്മിഷനായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന് നെടുമ്പാശേരി മിനികൂപ്പര് അപകടം സഭയില് ഉന്നയിച്ചത്.
എഫ്ഐആര് ഇടുന്നത് വൈകിയെന്നും പ്രതിയുടെ പേര് ചേര്ക്കാത്തത് സംശയങ്ങള്ക്ക് ഇടവരുത്തിയെന്നും പ്രതിപക്ഷം വിമര്ശിച്ചു.
പൊലീസ് നടപടികളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു.
സംഭവത്തില് പ്രതിയ്ക്കെതിരെ കര്ശന നടപടി ഉറപ്പെന്നും മന്ത്രി. അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് നേരെയുള്ള വിദ്വേഷപ്രചാരണത്തെ നിയമസഭ അപലപിച്ചു.