നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈല്‍ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും,രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കുക

 
suhail


കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കുക. സുഹൈലിനെ കൂടാതെ മിനി കൂപ്പറില്‍ ഉണ്ടായിരുന്ന നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് മദ്യം വിളമ്പിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവടങ്ങളിലെ ബാറുകളെക്കതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയില്‍നിന്ന് സ്‌കൂട്ടറില്‍ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കര്‍ണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.


അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാതിരുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന 19കാരനായ സുഹൈല്‍ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.


സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനും എക്‌സൈസ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിവിധ ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. അതേസമയം, പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒരാള്‍ മര്‍ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags

Share this story

From Around the Web