നെടുമ്പാശ്ശേരി അപകടം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്, രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

 
NEDUMBASSERRY ACCIDENT



കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയത്ത് കാറില്‍ ഒപ്പം ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം ഇവര്‍ മറ്റൊരു വാഹനത്തില്‍ കയറിപോയിരുന്നു. പ്രതി സുഹൈല്‍ സജീവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 19 വയസ്സായ സുഹൈല്‍ സജീവ് മദ്യപിക്കാന്‍ കയറിയ മൂന്ന് ബാറുകള്‍ക്കെതിരെയും നടപടി ഉണ്ടാകും. ബാറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ എക്‌സൈസ് മന്ത്രി എം ലിജു ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം സുഹൈല്‍ മദ്യത്തിന് പുറമേ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കാത്തിരിക്കുകയാണ് പൊലീസ്. സുഹൈലിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയും നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയിലാണ്. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരായിരുന്നു സുഹൈല്‍ ഓടിച്ച മിനി കൂപ്പര്‍ ഇടിച്ച് മരിച്ചത്.


എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ്. ഓഫീസിലെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.

Tags

Share this story

From Around the Web