നെടുമ്പാശ്ശേരി അപകടമരണം: മൂന്നുപേര്‍ ഒരു സ്‌കൂട്ടറിലും ഒരാള്‍ മറ്റൊരു സ്‌കൂട്ടറിലും വന്നതില്‍ ദുരൂഹതയെന്ന് പ്രതിഭാഗം

 
suhail


അങ്കമാലി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷയിന്‍മേല്‍ വാദം പൂര്‍ത്തിയായി. ശനിയാഴ്ച കോടതി വിധി പറയും. കേസില്‍ ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുഹൈല്‍, നിനവ്, ജോയല്‍, അമീന്‍ എന്നിവര്‍ അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി വെള്ളിയാഴ്ച പരിഗണിച്ചത്. വൈകീട്ട് മൂന്നിന് ആരംഭിച്ച വാദം ആറരയ്ക്കാണ് അവസാനിച്ചത്.

105ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്സാക്ഷി പോലും ഇല്ലാതെ കേസില്‍ ആദ്യം എഫ്.ഐ.ആര്‍. ഇട്ടപ്പോള്‍ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്നുപേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്ക്കൊരു സ്‌കൂട്ടറിലും വരുന്നതില്‍ ദുരൂഹതയുണ്ട്. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാന്‍ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുന്‍പ് ഒരു ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരേ ഇല്ലാതിരുന്നിട്ടും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ആളാണെന്ന് മുദ്രകുത്തി.

അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനു നേരെ വലിയതോതില്‍ ആക്രമണം നടത്തുകയാണ്. സാമൂഹികമാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതാണ്. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ കാറിലെ യാത്രക്കാരാണ്. ഇവര്‍ കാറോടിച്ച ഒന്നാം പ്രതിയെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം.
എഫ്.ഐ.ആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയില്‍ ഇതൊന്നും പറയുന്നില്ല. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയെങ്കില്‍ അപകടം നടന്നിടത്തു നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ. വേഗം തെളിയിക്കുന്ന എന്ത് രേഖയാണുള്ളത്. സി.സി.ടി.വി. ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. സീന്‍ മഹസര്‍ ഒളിപ്പിച്ചുവെച്ചെന്നും പ്രതിഭാഗം വാദിച്ചു. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു. പ്രതികള്‍ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികള്‍. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തില്‍ 161 മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലി ഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളുടെ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടനെ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
 

Tags

Share this story

From Around the Web