നെടുമ്പാശ്ശേരി അപകടക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്, നിലവില്‍ കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ് പറയുന്നു. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്.
കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നൂഹ സജീവാണ് കാറിന്റെ ആര്‍സി ബുക്ക് ഉടമ. കഴിഞ്ഞദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.
അപകടസമയത്ത് മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍ എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഇതിന്റെ കൃത്യമായ വിവരങ്ങളടങ്ങിയ ഇഡിആര്‍ ഫലം അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, അപകടത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേര്‍ക്ക് അനുശോചനം അറിയിച്ച് നൂഹ സജീവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വീഡിയോയില്‍ അവര്‍ പറഞ്ഞു.
മക്കളെ സ്നേഹത്തോടെ വളര്‍ത്തി ഒരുപാട് സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണ്. തന്റെ വാക്കുകള്‍ക്ക് ആ മാതാപിതാക്കളുടെ വേദന കുറയ്ക്കാനാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ഒരിക്കല്‍ക്കൂടി അനുശോചനം അറിയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സുഹൈലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുഹൈല്‍ മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.