നെടുമ്പാശ്ശേരി അപകട കേസ്: പ്രതിയെ രക്ഷിക്കാന്‍ നീക്കമില്ല; എഫ്.ഐ.ആര്‍ വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി ഡി.ജി.പി
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ വിവാദമായ മിനി കൂപ്പര്‍ വാഹനാപകട കേസില്‍ പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഡി.ജി.പി റവാദ ചന്ദ്രശേഖര്‍. പ്രതി സുഹൈലിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നും, പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ഏത് തരത്തിലുള്ള സംശയങ്ങളോ ആരോപണങ്ങളോ ഉയര്‍ന്നാലും കാര്യങ്ങള്‍ വീണ്ടും പുനഃപരിശോധിക്കാന്‍ തയ്യാറാണെന്നും, കുറ്റകരമായ നരഹത്യ വ്യക്തമാക്കുന്ന സെക്ഷന്‍ 304 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഗുരുതരമായ ദുരൂഹതകളുണ്ടെന്ന വിമര്‍ശനം ശക്തമാണ്. വാഹനം ഓടിച്ച പ്രതി സുഹൈലിന്റെ പേര് രേഖപ്പെടുത്തുന്നതിന് പകരം 'അജ്ഞാതന്‍'എന്നാണ് എഫ്.ഐ.ആറിലെ പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്.
കൂടാതെ അപകടത്തിന് തൊട്ടുമുമ്പ് പ്രതി മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടും, എഫ്.ഐ.ആറില്‍ 'മദ്യം' എന്ന വാക്ക് പോലും പരാമര്‍ശിച്ചിട്ടില്ല.
അറസ്റ്റിലായ പ്രതിയെ അഡള്‍ട്ട് ജയിലിലേക്ക് അയക്കുന്നതിന് പകരം ബോര്‍സ്റ്റല്‍ ഹോമിലേക്ക് മാറ്റിയതും വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍, കേസില്‍ പ്രതിക്ക് നിയമപ്രകാരം നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇരയുടെ കുടുംബത്തിന് കേസില്‍ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാല്‍ പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അത് നടപ്പിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ ബോര്‍സ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസല്ല, മറിച്ച് കോടതിയാണെന്ന് വ്യക്തമാക്കിയ ചെന്നിത്തല, ശക്തമായ നടപടികളിലൂടെ അര്‍ഹമായ ശിക്ഷ പ്രതിക്ക് വാങ്ങി നല്‍കുമെന്നും ഉറപ്പുനല്‍കി.