തന്നെ നയിക്കുന്നത് പ്രാര്‍ത്ഥനയും ക്രൈസ്തവ വിശ്വാസവും: നെബ്രാസ്‌ക ഗവര്‍ണര്‍ ജിം പില്ലന്‍
നെബ്രാസ്‌ക: ഗവര്‍ണ്ണര്‍ സ്ഥാനത്തുള്ള തന്റെ നേതൃത്വത്തിന് ക്രൈസ്തവ വിശ്വാസം അനിവാര്യമാണെന്ന് അമേരിക്കയിലെ നെബ്രാസ്‌ക ഗവര്‍ണ്ണര്‍ ജിം പില്ലന്‍.
പ്രമുഖ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ ജീവിതത്തിലും പൊതുസേവനത്തിലും തന്റെ കത്തോലിക്ക വിശ്വാസം വഹിക്കുന്ന കേന്ദ്ര പങ്കിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ക്രൈസ്തവ വിശ്വാസം കൂടാതെ തനിക്ക് ഭരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ കത്തോലിക്കാ വിശ്വാസം തന്റെ നേതൃത്വത്തെയും വ്യക്തിപരമായ കാഴ്ചപ്പാടിനെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രാര്‍ത്ഥന, കൃതജ്ഞത, ദൈവത്തിലുള്ള വിശ്വാസം എന്നിവയാണ് തന്റെ തീരുമാനങ്ങളെ നയിക്കുന്നത്.
ക്രൈസ്തവ വിശ്വാസം ഉത്തരവാദിത്തത്തോടെയും വിനയത്തോടെയും സേവിക്കാന്‍ തനിക്ക് ശക്തി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണത്തോടടുത്ത അനുഭവങ്ങളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും ഉള്‍പ്പെടെ നിരവധി ജീവിത സംഭവങ്ങള്‍ ദൈവത്തിലുള്ള തന്റെ ആശ്രയ മനോഭാവത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ പങ്കുവെച്ചു.
പൊതു സേവനത്തിലെ തന്റെ തൊഴില്‍ ഒരു വലിയ ദൈവീക ലക്ഷ്യത്തിന്റെ ഭാഗമാണെന്ന തന്റെ ബോധ്യത്തെ ഈ നിമിഷങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
പൊതു ജീവിതത്തില്‍ പ്രോലൈഫ് സംരംഭങ്ങളെയും വിശ്വാസാധിഷ്ഠിത മൂല്യങ്ങളെയും വളരെക്കാലമായി പിന്തുണക്കുന്ന വ്യക്തിയാണ് ഗവര്‍ണ്ണര്‍ പില്ലന്‍.
ഗവണ്‍മെന്റിലെ തന്റെ പ്രവര്‍ത്തനത്തിന്റെ അടിത്തറ കത്തോലിക്ക വിശ്വാസമാണെന്നും വിശ്വാസം ഭരണത്തില്‍ നിന്ന് വേര്‍പെട്ടതല്ല, മറിച്ച് അതിന്റെ ഒരു അനിവാര്യ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കത്തോലിക്ക വിശ്വാസം നിരവധി തവണ പരസ്യമായി പ്രഘോഷിച്ചിട്ടുള്ള വ്യക്തി കൂടിയാണ് നെബ്രാസ്‌ക ഗവര്‍ണ്ണര്‍.