2024ല്‍ മരണമടഞ്ഞത് അന്‍പത് ലക്ഷത്തോളം കുട്ടികള്‍: ഐക്യരാഷ്ട്രസഭാ സംഘടനകളുടെ റിപ്പോര്‍ട്ട്

 
OP


2024-ല്‍ മാത്രം ലോകത്തിന്റെ വിവിധയിടങ്ങളിലായി അഞ്ചുവയസ്സില്‍ താഴെയുള്ള നാല്‍പ്പത്തിയൊന്‍പത് ലക്ഷം കുട്ടികള്‍ മരണമടഞ്ഞുവെന്ന് വിവിധ ഐക്യരാഷ്ട്രസഭ. 


മാര്‍ച്ച് 18 ബുധനാഴ്ച യൂണിസെഫ്, ലോകാരോഗ്യസംഘടന, ലോക ബാങ്ക്, സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ്, ലോകത്ത് കുട്ടികള്‍ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ട്രസഭ വിശദീകരിച്ചത്.

2000-മാണ്ടിനെ അപേക്ഷിച്ച് ശിശുക്കളുടെ മരണനിരക്ക് പകുതിയിലധികം കുറഞ്ഞുവെങ്കിലും 2015-ന് ശേഷം ഈ നിരക്ക് കുറയുന്ന തോതില്‍ അറുപത് ശതമാനം മാന്ദ്യം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

2024-ല്‍ മാത്രം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം അഞ്ചുവയസ്സില്‍ താഴെയുള്ള ഒരു ലക്ഷത്തിലധികം കുട്ടികളാണ് മരണമടഞ്ഞത്.

കൊച്ചുകുഞ്ഞുങ്ങളാണ് മരണമടഞ്ഞ കുട്ടികളില്‍ പകുതിയുമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന റിപ്പോര്‍ട്ട്, മുപ്പത്തിയാറ് ശതമാനം കുട്ടികള്‍ മാസമെത്തുന്നതിന് മുന്‍പുള്ള ജനനം മൂലവും, ഇരുപത്തിയൊന്ന് ശതമാനം കുട്ടികള്‍ പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ മൂലവുമാണ് മരണമടഞ്ഞതെന്ന് വിശദീകരിക്കുന്നു.

ഒരു മാസം കഴിഞ്ഞ കുട്ടികളില്‍, മലേറിയ, വയറിളക്കം, ന്യുമോണിയ തുടങ്ങിയവയാണ് മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഇത്തരക്കാരില്‍ പതിനേഴ് ശതമാനവും മലേറിയ മൂലമാണ് മരിക്കുന്നത്.

സഹാറയ്ക്ക് താഴെയുള്ള പ്രദേശങ്ങളില്‍നിന്നുള്ളവരാണ് 2024-ലെ മരണമടഞ്ഞ കുഞ്ഞുങ്ങളില്‍ അന്‍പത്തിയെട്ട് ശതമാനവും. ദക്ഷിണേഷ്യയില്‍നിന്നുള്ളവരാണ് ഇരുപത്തിയഞ്ച് ശതമാനം.

അഞ്ചുവയസ്സ് മുതല്‍ ഇരുപത്തിയഞ്ച് വയസ്സുവരെയുള്ള ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകളും 2024-ല്‍ മരണമടഞ്ഞിരുന്നു. ഇവരില്‍ കുട്ടികളുടെ മരണത്തിന് പിന്നില്‍ പകര്‍ച്ചവ്യാധികളും പരിക്കുകളുമാണ്. 

അതേസമയം, പതിനഞ്ച് മുതല്‍ പത്തൊന്‍പത് വരെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യയാണ് കൂടുതല്‍ മരണകാരണമായതെന്നും, അതേസമയം ആണ്‍കുട്ടികളുടെ മരണത്തിന് പിന്നിലെ പ്രധാന കാരണം റോഡപകടങ്ങളാണെന്നും സംഘടനകള്‍ തങ്ങളുടെ റിപ്പോര്‍ട്ടിലൂടെ വിശദീകരിച്ചു.
 

Tags

Share this story

From Around the Web