കുരിശും ബൈബിള്‍ വചനവും പതാകകളുമായി ലണ്ടന്‍ നഗരത്തെ ഇളക്കിമറിച്ച് ഒന്നരലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ റാലി

ലണ്ടന്‍: പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു പുറകോട്ടുപോയ ബ്രിട്ടനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പുനരുജ്ജീവനം സാക്ഷ്യപ്പെടുത്തി ഒന്നരലക്ഷത്തോളം പൗരന്മാരുടെ റാലി.
ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് മുന്‍ നേതാവ് ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ 'യുണൈറ്റ് ദി കിംഗ്ഡം' എന്ന പ്രമേയവുമായി ലണ്ടനില്‍ നടത്തിയ റാലി യൂറോപ്പിന്റെ ക്രിസ്തീയ വ്യക്തിത്വത്തിലേക്ക് മടങ്ങുന്നതിനുള്ള ആഹ്വാനമായിരിന്നു.
കുരിശും ബൈബിള്‍ വചനവും പതാകകളുമായിട്ടായിരിന്നു റാലിയില്‍ അണിനിരന്നവര്‍ പങ്കെടുത്തത്.
ശനിയാഴ്ച ലണ്ടനിലൂടെ നടന്ന മാര്‍ച്ചില്‍ 150,000 പേര്‍ പങ്കെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ നിരവധി ക്രിസ്ത്യന്‍ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മരക്കുരിശുകള്‍, ക്രിസ്തുവിന്റെ ചിത്രങ്ങള്‍ പതിച്ച പതാകകള്‍, ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്ന ബാനറുകള്‍, 'യേശു രാജാവാണ്' എന്ന മുദ്രാവാക്യം സഹിതമായിരിന്നു റാലി.
'യേശു വഴിയും സത്യവും ജീവനുമാണ്' എന്നെഴുതിയ ബാനറുകള്‍ പിടിച്ച് റാലിയില്‍ അണിനിരന്നവരും നിരവധിയായിരിന്നു.
തങ്ങള്‍ 'ഇംഗ്ലീഷ് ദേശസ്‌നേഹികള്‍' ആയതിനാലാണ് മാര്‍ച്ചിനെ പിന്തുണച്ചതെന്നു എസെക്‌സിലെ ചെല്‍ംസ്‌ഫോര്‍ഡില്‍ നിന്നുള്ള യുവജനങ്ങള്‍ 'പ്രീമിയര്‍' എന്ന മാധ്യമത്തോട് പറഞ്ഞു.
ബൈബിള്‍ വാക്യങ്ങളും ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ ഉള്ള ടീ-ഷര്‍ട്ടുകള്‍ ധരിച്ചായിരിന്നു ഇവര്‍ പങ്കുചേര്‍ന്നത്.
യൂറോപ്പിന്റെ ക്രിസ്തീയ സംസ്‌ക്കാരവും പാരമ്പര്യവും നശിപ്പിക്കുന്ന അധിനിവേശ ശക്തികളെ അപലപിച്ചുക്കൊണ്ട് കൂടിയാണ് റാലി നടന്നത്.
ബ്രിട്ടനിലെ സാംസ്‌കാരിക വിപ്ലവത്തിന് ഈ റാലി തീപ്പൊരിയായി മാറിയെന്ന് പരിപാടിയുടെ സംഘാടകനായ ടോമി റോബിന്‍സണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.