നവകേരളീയം കുടിശിക നിവാരണം: സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി ഒന്നു മുതല്‍
തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.
ജനവരി ഒന്നു മുതല്‍ ഫെബ്രുവരി 28വരെയാണ് ഈ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2026 ബാധകം.
മരണപ്പെട്ടവര്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പിക്കാനും, വരുമാനദാതാവ് മരിച്ച സംഭവങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാര്‍ക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. സഹകാരികള്‍ പരമാവധി ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍ ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ഇന്ന് മുതല്‍ സാധിക്കും.
ഈ പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. ക്യാഷ് ക്രഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ക്കും ഇളവുകള്‍ ബാധകമാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാത്തരം കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം.എസ്.എസ്, എം.ഡി.എസ്, ജി.ഡി.സി.എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്. പദ്ധതി കാലാവധി അവസാനിച്ചതിനുശേഷം കടിശ്ശികയാകുന്ന തുക സാധാരണ വായ്പയായി പരിഗണിച്ച് പലിശയില്‍ ഇളവ് അനുവദിക്കാവുന്നതാണ്.
കുടിശ്ശിക ആയ വായ്പകള്‍ക്ക് പുറമേ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്.
വായ്പാ തവണ കൃത്യമായി അടച്ചുവന്ന വായ്പക്കാര്‍ക്ക് അവര്‍ അടച്ച പലിശയില്‍ 10% വരെ ഇളവ് അനുവദിക്കുമെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.