മലയോരത്ത് ഉണ്ടായ പ്രകൃതിക്ഷോഭം: സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി

 
44444

തലശേരി: കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ മലയോരത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായിട്ടുള്ള കനത്ത നാശനഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ ഒട്ടനവധി കുടുംബങ്ങൾ കഷ്‌ടപ്പെടുകയാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്‌ത കാര്യങ്ങൾ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപത ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

ജോസ് ഗിരി, ഉദയഗിരി, താബോർ, തയ്യേനി, പാലാവയൽ എന്നിവിടങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടും ആൾനാശം സംഭവിച്ചിട്ടില്ലാത്തതിനാൽ സർക്കാരിന്റെയോ പൊതുസമൂഹത്തിന്റെയോ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ല. പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങളിലെ റോഡുകൾ തകർന്നു. പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഉദയഗിരി, ജോസ്‌ഗിരി, താബോർ പ്രദേശങ്ങളിൽ 53 വീടുകൾ പൂർണമായും തകർന്നു. ഇവയെല്ലാം പുനർനിർമിക്കണം. പാലാവയൽ, തയ്യേനി പ്രദേശങ്ങളിൽ 64 കുടുംബങ്ങൾ ദുരിതത്തിലാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും രണ്ടു മാനദണ്ഡങ്ങളാണുള്ളത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം മനസിലാ ക്കാത്ത നിയമമാണ് ഇവിടെ നിലനിൽക്കുന്നത്. ഇഡബ്ല്യൂഎസ് സർട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web