സിബിസിഐ ആഹ്വാനം ചെയ്ത ദേശീയ പ്രാർത്ഥനാദിനം ഇന്ന്

 
33444

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) നിർദിഷ്‌ട ചട്ടങ്ങളെ സംബന്ധിച്ചുള്ള ആശങ്കയ്ക്കിടെ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇന്ന് ദേശീയ പ്രാർത്ഥനാദിനം ആചരിക്കും. പ്രാർത്ഥനാദിനത്തിൽ ഇതര സഭാ വിഭാഗങ്ങളുമായി ചേർന്ന് പ്രാർഥനാ കൂട്ടായ്‌മകൾ സംഘടിപ്പിക്കാനും വിശുദ്ധ കുർബാന, ആരാധന, ജപമാല തുടങ്ങിയവ നടത്താനുമാണ് സിബിസിഐയുടെ നിർദേശം.

എഫ്സിആർഎയെ സംബന്ധിച്ച ആശങ്കകൾ സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനായി രൂപതകളും ഇടവകകളും ഒപ്പുശേഖരണം നടത്തി നിവേദനങ്ങൾ കേന്ദ്രസർക്കാരിലെത്തിക്കാനും സിബിസി ഐ നിർദേശിച്ചിട്ടുണ്ട്. പള്ളികളും ക്രൈസ്‌തവ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളം നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യപരിപാലന, സാമൂഹികസേവന പ്രവർത്തനങ്ങൾക്കു ബില്ലിന്റെ നിർദിഷ്ട ഭേദഗതികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സിബിസിഐ ചൂണ്ടിക്കാട്ടുന്നത്.

സിബിസിഐയുടെ ആഹ്വാനപ്രകാരം കേരള കാത്തലിക് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്നു പ്രാർത്ഥനാദിനമായി ആചരിക്കും. പാലാരിവട്ടം പിഒസിയിൽ രാവിലെ 11നു നടക്കുന്ന യോഗം സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് തറയിൽ, പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. ഷെറി ജെ. തോമസ്, എസ്.ആർ. ബൈജു, വി.സി. ജോർജുകുട്ടി, ബിജു ജോസി, പ്രഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ പ്രസംഗിക്കും. കത്തോലിക്ക കോൺഗ്രസ്, കെഎൽസിഎ, എംസിഎ എന്നിവയുടെ നേതൃത്തിൽ രൂപത, യൂണിറ്റ് സമിതികളിലും പ്രാർത്ഥനാദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജുകുട്ടി അറിയിച്ചു.

Tags

Share this story

From Around the Web