കാര്‍ഡിയോ കിഡ്‌നി മെറ്റബോളിക് ആരോഗ്യ ദേശീയ കോണ്‍ക്ലേവ് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍

 
belivers

തിരുവല്ല: ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം, അമിതവണ്ണം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ വേര്‍തിരിച്ചല്ല, പരസ്പരം ബന്ധപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമായി കണ്ട് പ്രതിരോധിക്കുന്നതിനുള്ള ദേശീയതല ചര്‍ച്ചകള്‍ക്ക് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വേദിയാകുന്നു. 

2026 സെപ്റ്റംബര്‍ 25(ഇന്ന്) മുതല്‍ 27 വരെ നടക്കുന്ന കാര്‍ഡിയോകിഡ്‌നിമെറ്റബോളിക് (സികെഎം) ഹെല്‍ത്ത് നാഷണല്‍ കോണ്‍ക്ലേവ്, നാളെ വൈകിട്ട് 6 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി  കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍ നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രസ്തുത ദേശീയ കോണ്‍ക്ലേവ് നടക്കുന്നത്.

പ്രമേഹം, രക്താതിമര്‍ദ്ദം, അമിതവണ്ണം, ഫാറ്റി ലിവര്‍, ഹൃദ്രോഗം, ക്രോണിക് കിഡ്‌നി ഡിസീസ് എന്നിവയ്ക്ക് പലപ്പോഴും പൊതുവായ കാരണങ്ങളും അപകടസാധ്യതകളും ഉണ്ടെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനാല്‍ ഓരോ രോഗത്തെയും പ്രത്യേകം ചികിത്സിക്കുന്നതിനുപകരം പൊതുവായ മൂലകാരണങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്ന ഏകീകൃത സമീപനമാണ് സികെഎം മാതൃക മുന്നോട്ടുവയ്ക്കുന്നത്. 

400-ലധികം ആരോഗ്യപ്രവര്‍ത്തകരും 75 വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ പ്രമുഖ ക്ലിനിക്കല്‍ വിദഗ്ധരും പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുക്കും. 

 വേള്‍ഡ് എന്‍ സി ഡി ഫെഡറേഷന്‍, ഡയറകട്‌റേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് കേരള, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള നെഫ്രോളജി അസോസിയേഷന്‍എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.

ഇന്ത്യന്‍ ജനസംഖ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാവുന്ന പ്രായോഗിക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയാണ് കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം. പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനം, പ്രമേഹം, രക്താതിമര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക വര്‍ക്ക്ഷോപ്പുകളും നടക്കും. 

രോഗം വന്നശേഷം ചികിത്സിക്കുന്നതില്‍ നിന്ന് രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലേക്ക് ആരോഗ്യസംവിധാനത്തിന്റെ ശ്രദ്ധ മാറ്റുന്നതിനുള്ള ഒരു ദേശീയ സംരംഭമായാണ് കോണ്‍ക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്.

Tags

Share this story

From Around the Web