നൈജീരിയയിലെ ചോരക്കളി അവസാനിപ്പിക്കണം: ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി

 
NIGERIYA


അബൂജ: നൈജീരിയയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകളിലും തട്ടിക്കൊണ്ടുപോകലുകളിലും വീണ്ടും പ്രതിഷേധമറിയിച്ച് രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി .

 ഓഗസ്റ്റ് 26-ന് മെത്രാന്‍ സമിതി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്തെ നിലവിലെ ഭീകരാവസ്ഥയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. 

രാജ്യത്തെ സുരക്ഷാ സാഹചര്യം സഹിക്കാവുന്നതിലും അപ്പുറമെത്തിയെന്നും രക്തച്ചൊരിച്ചിലും ഭീകരതയും ഉടനടി അവസാനിപ്പിക്കാന്‍ ഭരണകൂടവും സുരക്ഷാ ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

നൈജര്‍ സ്റ്റേറ്റിലെ ബോര്‍ഗുവിലുള്ള മസ്ജിദില്‍ നിന്ന് പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന അറുപതിലേറെ വിശ്വാസികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ബെനുവേ സ്റ്റേറ്റിലെ ഉകുമ്മില്‍ 47 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിലും ബിഷപ്പുമാര്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി.

 ദേവാലയത്തിലാകട്ടെ, മസ്ജിദിലാകട്ടെ, ചന്തയിലാകട്ടെ, സ്വന്തം വീടുകളുടെ ശാന്തതയിലാകട്ടെ - നൈജീരിയക്കാര്‍ ഇപ്പോഴും കൂട്ടക്കൊലയ്ക്കും ഭയത്തിനും നാടുകടത്തലിനും ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു.


മനുഷ്യജീവന്‍ ദൈവത്തിന്റേതു മാത്രമാണ്. ഈ ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ല. നിരപരാധികളുടെ കണ്ണീരില്‍ പടുത്തുയര്‍ത്തുന്ന ഒരു ഭാവിയും നിലനില്‍ക്കില്ല. ഏതൊരു ആരാധനാലയത്തിന് നേര്‍ക്കുള്ള ആക്രമണവും മാനവികതയ്ക്ക് നേര്‍ക്കുള്ള ആക്രമണമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. 

തട്ടിക്കൊണ്ടുപോകപ്പെട്ട വിശ്വാസികളുടെ സുരക്ഷിതമായ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു. ആക്രമണങ്ങള്‍ നടന്നതിന് ശേഷം പ്രതികരിക്കുന്നതിന് പകരം, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകര ശൃംഖലകള്‍ മുന്‍കൂട്ടി തകര്‍ക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറാകണം. ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും അവര്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ സഹായം നല്‍കുന്നവര്‍ക്കും തക്കതായ ശിക്ഷ നല്‍കണമെന്നും ശിക്ഷിക്കപ്പെടില്ലെന്ന ധാരണയാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web