പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച.നെപ്പോളിയന്‍ കാലഘട്ടത്തിലെ ആഭരണങ്ങള്‍ നഷ്ടമായി

പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. നെപ്പോളിയന്‍ കാലഘട്ടത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂട്ടറില്‍ എത്തിയ മോഷ്ടാക്കളാണ് മോഷണം നടത്തിയത്. ഏഴ് മിനിറ്റിനകം മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി കടന്നു. ഇന്ന് രാവിലെ 9.30 നും 9.40 നും ഇടയിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയെ തുടര്‍ന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി.
എന്നാല്‍ സംഭവത്തെക്കുറിച്ച് മ്യൂസിയം അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തില്‍ പ്രവേശിച്ച മോഷ്ടാക്കര്‍ ജനാലകള്‍ തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചത് .
മോണലിസ ചിത്രം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്ര വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണിത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയങ്ങളില്‍ ഒന്ന്.
പുരാതന വസ്തുക്കള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയുള്‍പ്പെടെ 33,000-ത്തിലധികം പുരാവസ്തുക്കള്‍ ഇവിടെയുണ്ട്.
മോണാലിസ, വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മോണലിസയുടേതുള്‍പ്പെടെ നിരവധി മോഷണങ്ങള്‍ക്കും കവര്‍ച്ച ശ്രമങ്ങള്‍ക്കും ഇതിനുമുന്‍പും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.