നവോമി ഇനി ആറുപേരിലൂടെ ജീവിക്കും; മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെൻ്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ മകളുടെ വിയോഗത്തിൻ്റെ വലിയ ദുഃഖത്തിലും അവയവദാനത്തിന് തയ്യാറായ നവോമിയുടെ കുടുംബത്തോട് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്കുമാണ് നൽകിയത്.
ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് (ആർ ഐ ഒ) കൈമാറിയത്. കെ-സോട്ടോയാണ് അവയവദാന പ്രക്രിയകൾ പൂർണ്ണമായും ഏകോപിപ്പിച്ചത്. അവയവങ്ങൾ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നിലവിൽ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.
തൃശൂർ സെൻ്റ് തോമസ് കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 25) പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.