ആധാര്‍ കാര്‍ഡിലെ പേര് തിരുത്തല്‍ ഇനി കൂടുതല്‍ എളുപ്പമല്ല; പുതിയ കര്‍ശന നിയമങ്ങളുമായി യുഐഡിഎഐ

 
aadhar

ആധാര്‍ കാര്‍ഡിലെ പേര് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പേരിലെ മാറ്റങ്ങളുടെ സ്വഭാവമനുസരിച്ച് അപേക്ഷകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ നടപ്പിലാക്കിയിരിക്കുന്നത്. ചെറിയ തിരുത്തലുകള്‍, വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോഴുള്ള പിഴവുകള്‍, വിവാഹശേഷമുള്ള പേരുമാറ്റം, പൂര്‍ണ്ണമായ പേരുമാറ്റം എന്നിവയ്ക്ക് ഇനി വ്യത്യസ്തമായ രേഖകളും സത്യവാങ്മൂലങ്ങളും ആവശ്യമാണ്.

പേരിന്റെ ആദ്യാക്ഷരങ്ങള്‍ പൂര്‍ണ്ണരൂപത്തിലാക്കുക, അക്ഷരപ്പിശകുകള്‍ തിരുത്തുക തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചാല്‍ മതിയാകും. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്‍ തിരുത്താന്‍ പ്രായപൂര്‍ത്തിയായവര്‍ അനുബന്ധം ബി സത്യവാങ്മൂലവും കുട്ടികള്‍ക്കായി മാതാപിതാക്കള്‍ അനുബന്ധം സി സത്യവാങ്മൂലവും നല്‍കണം. വിവാഹശേഷമുള്ള കുടുംബപ്പേരുമാറ്റത്തിന് അനുബന്ധം ഡി സത്യവാങ്മൂലത്തോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്.


വലിയക്ഷരങ്ങളുടെ ക്രമം തെറ്റുന്നത് പോലുള്ള ചില ചെറിയ തിരുത്തലുകള്‍ക്ക് രേഖകള്‍ ആവശ്യമില്ല. എന്നാല്‍ വ്യക്തിയുടെ തിരിച്ചറിയലില്‍ തന്നെ മാറ്റമുണ്ടാക്കുന്ന പൂര്‍ണ്ണമായ പേരുമാറ്റത്തിന് ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുക. സെപ്റ്റംബര്‍ 18 മുതല്‍ തന്നെ ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

Tags

Share this story

From Around the Web