നാഗാലാന്റില്‍ വാഹനങ്ങളില്‍ മത ചിഹ്നങ്ങള്‍ക്ക് വിലക്ക്; ഇനി കുരിശും ബൈബിള്‍ വചനങ്ങളും  പ്രദര്‍ശിപ്പിക്കാനാവില്ല

 
Tyy

കൊഹിമ (നാഗാലാന്റ്): വാഹനങ്ങളില്‍ പതിപ്പിക്കുന്ന കുരിശുകള്‍, വിശ്വാസപരമായ ലോഗോകള്‍, മതചിഹ്നങ്ങള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി നാഗാലാന്റ് സംസ്ഥാന സര്‍ക്കാര്‍. ക്രിസ്ത്യന്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതു ബാധകമാണ്. ഔദ്യോഗികവും സ്വകാര്യവുമായ  വാഹനങ്ങളിലും ഇത്തരം ചിഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്. പുതിയ നിയമപ്രകാരം, ബൈബിള്‍ വചനങ്ങള്‍ ഇനി വാഹനങ്ങളില്‍ എഴുതാന്‍ കഴിയില്ല.  

 ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാഗാലാന്റിലെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നു. നിയമം അടിയന്തിരമായി പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറം നിവേദനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്തീയ ചിഹ്ന ങ്ങളും, പ്രത്യേകിച്ച് കുരിശടയാളവും കാലങ്ങളായി നാഗാലാന്‍ഡിലെ ജനങ്ങളുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന്  നിവേദനത്തില്‍ പറയുന്നു.

ഇത്തരം തിരിച്ചറിയല്‍ അടയാളങ്ങള്‍ 45 ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാ ത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മതങ്ങള്‍, എന്‍ജിഒ-കള്‍ എന്നിവയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും സ്റ്റിക്കറുകളും അടയാളങ്ങളും സ്വകാര്യ-പൊതു വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനമുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശം യുക്തിരഹിതമാണെന്നും നാഗാലാന്‍ഡിലെ മതവിശ്വാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതാണെന്നും ക്രിസ്ത്യന്‍ ഫോറം വ്യക്തമാക്കി. ചര്‍ച്ചിന്റെ പേരുകളും വിശ്വാസ ചിഹ്നങ്ങളും വിഐപി പദവിയായി കാണരുതെന്നും, ഇന്ത്യയുടെ പല ഭാഗങ്ങളി ലും വിവിധ മതങ്ങളുടെ പേരുകളും ചിഹ്നങ്ങളും വാഹനങ്ങളില്‍ സാധാരണയായി പ്രദര്‍ശിപ്പിക്കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാഹനങ്ങളിലെ പ്രത്യേക പദവികളും മുന്‍ഗണനകളും അവസാനിപ്പിക്കുന്നതിനും, അനധികൃ തമായ അടയാളങ്ങള്‍ നിരോധിക്കുന്ന മോട്ടോര്‍ വാഹന ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെയും അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെയും പദവികള്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ക്കുമാത്രമാണ് പൊതുനിരത്തുകളില്‍ മുന്‍ഗണന ലഭിക്കുന്നത്. ഇതിന്റെ പിന്നില്‍ മറ്റു താല്പര്യങ്ങളാണെന്നു വ്യക്തം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ ജനസംഖ്യയുള്ള സംസ്ഥാനമാണ് നാഗാലാന്റ്. അവിടെപ്പോലും ഇത്തരം നിയമങ്ങള്‍ വരുന്നതാണ് ഏറെ ആശങ്കാജനകം.

Tags

Share this story

From Around the Web