ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; കീടനാശിനി കുപ്പി ചോര്‍ന്ന് നിലത്ത് വീണ നിലയില്‍,മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു
ഇടുക്കി: അടിമാലിയില്‍ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പിതാവ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഫൊറന്‍സിക്, പോലീസ് പരിശോധനകളില്‍ കീടനാശിനി അകത്തുചെന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടില്‍ അഫ്‌സലിന്റെ മക്കളായ രിഹാന്‍, ഇഹാന്‍ എന്നിവരാണ് സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച രാത്രി മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അടിമാലിയിലെ രണ്ട് ആശുപത്രികളിലായി കുട്ടികളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിനുള്ളില്‍ ഉയരമുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്ന കീടനാശിനി കുപ്പി ചോര്‍ന്ന് നിലത്ത് വീണ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുട്ടികളുടെ കൈപ്പാടുകള്‍ പതിഞ്ഞിട്ടുള്ളതായി പോലീസ് സ്ഥലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി.
രണ്ടുമാസം മുന്‍പാണ് കുടുംബം ഈ വാടകവീട്ടില്‍ താമസിക്കാനെത്തിയത്. കീടനാശിനി നേരത്തെ തന്നെ വീട്ടിലുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് മാതാപിതാക്കള്‍ അറിയിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനും ശാസ്ത്രീയ രാസപരിശോധനകള്‍ക്കും വിധേയമാക്കിയ ശേഷമേ മരണകാരണത്തില്‍ വ്യക്തത വരു എന്ന് പോലീസ് അറിയിച്ചു.