വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത, രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, പായ മൃതദേഹത്തിന് അടിയിൽ വെച്ചതെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദുരൂഹതകൾക്ക് പ്രാഥമിക പരിശോധനയിൽ ഒരു പരിധിവരെ പരിഹാരമായി. കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന സംശയത്താൽ നടത്തിയ പരിശോധനയിൽ, രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു. കല്ലറയിൽ കണ്ട പായ, മൃതദേഹത്തിന് അടിയിൽ വെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം 13-നാണ് പുതിയ സംസ്കാരത്തിനായി 38-ാം നമ്പർ കല്ലറ തുറന്നത്. അപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കാണുകയും, ഇത് ഔദ്യോഗിക രേഖകളിൽ ഇല്ലാത്തതാണെന്ന സംശയം ഉയരുകയുമായിരുന്നു. പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിലിന്റെ പരാതിയെത്തുടർന്ന് പൊലീസും റവന്യൂ അധികൃതരും ചേർന്ന് ഇന്ന് കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തി.
2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിരുന്നു. മുൻപ് നിയമപരമായി സംസ്കരിച്ച രണ്ട് മൃതദേഹങ്ങൾ തന്നെയാണ് ഇതെന്നും, നമ്പറുകളിൽ വന്ന ആശയക്കുഴപ്പമാകാം സംശയങ്ങൾക്ക് വഴിവെച്ചതെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
അന്തിമ വ്യക്തതയ്ക്കായി ശാസ്ത്രീയ പരിശോധന
പ്രാഥമിക പരിശോധന പൂർത്തിയാക്കി കല്ലറ വീണ്ടും അടച്ചു. എങ്കിലും, പൂർണ്ണമായ വ്യക്തത വരുത്തുന്നതിനായി ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ വീണ്ടും സംസ്കരിച്ചു.