ഹോട്ടല്‍ മുറിയില്‍ നവവധുവിന്റെ ദുരൂഹമരണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഭര്‍ത്താവ് കസ്റ്റഡിയില്‍
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നവവധു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ പിതാവ്. ഭര്‍ത്താവിനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പ്രവേശിച്ച് 5 സെക്കന്‍ഡിനുള്ളില്‍ യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ നിലേഷ് എന്ന ബാങ്ക് മാനേജറുടെ ഭാര്യ മുസ്കാന് സിമോളിയ(28) ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
വെള്ളിയാഴ്ച രാത്രിയോടെ ഝാന്‍സിയിലെ സിപ്രി ബസാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഹോട്ടലില്‍ ദമ്പതികള്‍ മുറിയെടുത്തിരുന്നു.
പിറ്റേന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. ഹോട്ടല്‍ മുറിയിലേക്ക് നിലേഷിനും മറ്റൊരു ജീവനക്കാരനുമൊപ്പം മുസ്കാന് നടക്കുന്നതും വാതിലിന് സമീപം എത്തിയയുടന്‍ അവള് പിന്നിലേക്ക് തലയടിച്ച് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഉടന്‍തന്നെ നിലേഷ് അവളെ പൊക്കിയെടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടനെ ഭര്‍ത്താവ് യാതൊരു ആശങ്കയോ ആശ്ചര്യമോ പ്രകടിപ്പിക്കാതെ മുസ്കാനെ പൊക്കിയെടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
മുസ്കാനുമായുള്ളത് പ്രണയവിവാഹമായിരുന്നുവെന്നും ജൂണ്‍ 29നാണ് വിവാഹം നടന്നതെന്നും പിതാവ് രാംജി ലാല്‍ അഹിര്‍വാര്‍ പറഞ്ഞു. നിലേഷ് നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നുവെന്നും ആദ്യ ഭാര്യ ഇന്ഡോറിലാണെന്നുമുള്ള കാര്യം വിവാഹത്തിന് ശേഷമാണ് മുസ്കാന് അറിഞ്ഞത്. ഇതോടെ ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും പിതാവ് പറഞ്ഞു.
ഒക്ടോബര്‍ 28ന് നടക്കാനിരിക്കുന്ന റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി ഒക്ടോബര്‍ 10നാണ് മുസ്കാന് ഝാന്‍സിയിലെ സ്വന്തം വീട്ടിലെത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 23ന് ഝാന്‍സിയിലെത്തിയ നിലേഷ്, അമ്മായിയുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് മുസ്കാനെ തന്ത്രപൂര്‍വം ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പിതാവ് ആരോപിച്ചു. മകളുടെ തലയില്‍ പരിക്കുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നും സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
മുസ്കാന്റെ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. നിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.