അമേരിക്കയില്‍ മലയാളി യുവതികളുടെ ദുരൂഹ മരണം; കൊലപാതകക്കേസില്‍ സുഹൃത്ത് കസ്റ്റഡിയില്‍

 
LONDN



ന്യൂയോര്‍ക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ സ്വദേശിനിയായ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിനി അനില(32)യെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കാലിഫോര്‍ണിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


കാലിഫോര്‍ണിയയിലെ മില്‍പിറ്റാസ് മേഖലയിലാണ് സംഭവം നടന്നത്. മില്‍പിറ്റാസിലെ മില്‍ ക്രീക് അപ്പാര്‍ട്ട്മെന്റ് വളപ്പില്‍ അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം അനില തന്റെ ബ്ലൂ എസ്.യു.വി. കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ജന സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടു.

അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്ളാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റ് ചോരവാര്‍ന്ന് ആന്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് കാറിടിപ്പിച്ചതാകാം എന്ന വിവരമാണ് അഞ്ജനയുടെ ബന്ധുക്കള്‍ക്കു ലഭിച്ചത്.
മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നും ഒരേ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നിലെ പ്രേരണ എന്താണെന്നോ മൂന്ന് പേരും തമ്മിലുള്ള ബന്ധം കൊലപാതകത്തിലേക്ക് എങ്ങനെ നയിച്ചുവെന്നോ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിലങ്ങന്നൂര്‍ സ്വദേശിയായ വിജീഷാണ് കൊല്ലപ്പെട്ട അഞ്ജനയുടെ ഭര്‍ത്താവ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിജീഷും അധ്യാപികയായ അഞ്ജനയും എട്ടുവര്‍ഷമായി യു.എസിലാണ് താമസം. വാമിക (6) ഏക മകളാണ്. കൊല്ലപ്പെട്ട ആന്‍ മേരി മാത്യു കോട്ടയം ചിങ്ങവനം പള്ളത്ര സ്വദേശി ജേക്കബിന്റെ ഭാര്യയാണ്. കേസില്‍ യു.എസ്. പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ജനയുടെ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണില്‍ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇരുവരും ഉറപ്പുനല്‍കി. 

അതേസമയം, കൊല്ലപ്പെട്ട അഞ്ജനയുടെയും ആന്‍ മേരി മാത്യുവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതരുടെ ഏകോപനത്തോടെ പുരോഗമിക്കുകയാണ്.

Tags

Share this story

From Around the Web