മ്യാന്മറില്‍ വൈദിക, സന്യസ്ത ദൈവവിളികള്‍ വര്‍ദ്ധിക്കുന്നു
മ്യാന്‍മറിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്ര്യവും ദുരിതങ്ങളും തുടരുന്ന പശ്ചാത്തലത്തിലും കത്തോലിക്കാ സഭയില്‍ പുതിയ ദൈവവിളികള്‍ വര്‍ദ്ധിക്കുന്നത് വലിയ പ്രത്യാശ നല്‍കുന്നു.
കഠിനമായ പരീക്ഷണങ്ങളിലൂടെയും അനിശ്ചിതത്വത്തിലൂടെയും രാജ്യം കടന്നുപോകുമ്പോഴും, സഭ, നിരാശരാക്കാത്ത പ്രത്യാശയോടെ ഭാവിയിലേക്ക് നോക്കുന്നു എന്നതിന്റെ തെളിവാണ് പുതുതായി അഭിഷിക്തരായ വൈദികരും ഡീക്കന്‍മാരും കന്യാസ്ത്രീകളും.
ഓഗസ്റ്റ് മാസത്തില്‍ നടന്ന വിവിധ ചടങ്ങുകളിലായി മൂന്ന് പുതിയ വൈദികരും നാല് ഡീക്കന്‍മാരും സഭയുടെ ശുശ്രൂഷാ രംഗത്തേക്കു കടന്നുവന്നു.
വിഭജനങ്ങളും മുറിവുകളും നിറഞ്ഞ ഈ രാജ്യത്ത് 'മതിലുകളല്ല, മറിച്ച് പാലങ്ങളായി' വര്‍ത്തിക്കാന്‍ യാങ്കൂണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ, സലേഷ്യന്‍ വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കുന്ന അവസരത്തില്‍, വൈദികരെ ആഹ്വാനം ചെയ്തു.
ഹഖ രൂപതയില്‍ നാല് പുതിയ ഡീക്കന്‍മാരും യാങ്കൂണില്‍ രണ്ട് പുതിയ സമര്‍പ്പിതരും, തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചു.
പഠന വൈദഗ്ധ്യത്തേക്കാള്‍ ഉപരിയായി ദൈവത്തോടുള്ള സ്‌നേഹവും എളിമയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീക്ഷ്ണതയുമാണ് ശുശ്രൂഷകര്‍ക്ക് വേണ്ടതെന്ന് മെത്രാന്‍ ലൂസിയസ് ഹ്രെ കുങ് തിരുചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
ടാങ്കൂ രൂപതയുടെ സഹായ മെത്രാനായി ബെര്‍ണാര്‍ഡിനോ നീ നീ അഭിഷിക്തനായതും,മ്യാന്‍മറിലെ സഭയ്ക്ക് പുതിയ ഉണര്‍വ് പ്രദാനം ചെയ്യുന്നു. 'കണ്ണീരിന്റെ താഴ്വരയിലൂടെ' കടന്നുപോകുന്ന മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ക്രിസ്തുവിന്റെ പ്രകാശം നല്‍കാനാണ് മെത്രാന്റെ നിയോഗം എന്ന്, കര്‍ദിനാള്‍ ചാള്‍സ് ബോ വ്യക്തമാക്കി.
ദുരിതബാധിതരെ ആശ്വസിപ്പിക്കാനും വിഘടിച്ചുനില്‍ക്കുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനും പുതിയ മെത്രാനെ ആഹ്വാനം ചെയ്തു.
'എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു' എന്ന സ്‌തോത്രഗീതത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ജനങ്ങള്‍ക്കൊപ്പം വിശ്വാസത്തിലും സ്‌നേഹത്തിലും യാത്ര ചെയ്യുമെന്ന് മോണ്‍സിഞ്ഞോര്‍ ബെര്‍ണാര്‍ഡിനോ ഉറപ്പുനല്‍കി.