മാര്‍ച്ച് 26നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാന്‍മറിലെ സഭ
യാങ്കോണ്‍: രാജ്യത്തെ ജനത നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 26നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാന്‍മറിലെ കത്തോലിക്ക സഭാനേതൃത്വത്തിന്റെ തീരുമാനം.
മധ്യപൂര്‍വ്വേഷ്യയിലും മറ്റ് ദേശങ്ങളിലും സമാധാനം സംജാതമാകുന്നതിന് വേണ്ടിയാണ് പശ്ചാത്താപത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രത്യേക ദിനമായി ആചരിക്കുന്നതെന്ന് സഭ വ്യക്തമാക്കി.
ഈ വര്‍ഷത്തെ വിശുദ്ധവാരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മാര്‍ച്ച് 26ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാന്‍മറിലെ കത്തോലിക്ക മെത്രാന്മാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
പരിത്യാഗത്തിനും ഹൃദയ പരിവര്‍ത്തനത്തിനും ദൈവവുമായുള്ള അടുത്ത ബന്ധത്തിനും കൂടുതല്‍ പരിശ്രമിക്കേണ്ട സമയമാണ് നോമ്പുകാലമെന്നു രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ പറഞ്ഞു. ലോകത്ത് സമാധാനം സംജാതമാകാന്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.
ഈ വിശുദ്ധ കാലത്ത് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവ ചെയ്യാന്‍ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തില്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും മ്യാന്‍മറിലും സമാധാനത്തിനായി നാം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈനംദിന ജീവിതത്തില്‍ സ്‌നേഹം, കാരുണ്യം, പരസ്പര ധാരണ എന്നിവയുടെ പ്രായോഗിക ജീവിതത്തിലൂടെയാണ് സമാധാനം കെട്ടിപ്പടുക്കുന്നതെന്ന് ലെയോ പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
നോമ്പുകാലത്ത്, മ്യാന്‍മറിലെ ബിഷപ്പുമാര്‍ എല്ലാവരോടും പ്രാര്‍ത്ഥന തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ മ്യാന്‍മറിനും ലോകത്തിനും ദൈവം സമാധാനം നല്‍കുകയും ഐക്യത്തിലും പരസ്പര ധാരണയിലും പുരോഗതിയുണ്ടാക്കുകയും ചെയ്യും.
മാര്‍ച്ച് 26നു ഉപവാസം അനുഷ്ഠിക്കാനും ത്യാഗങ്ങളും സഹനങ്ങളും യേശുക്രിസ്തുവിന്റെ സഹനങ്ങളോട് ചേര്‍ത്തു ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനു സമര്‍പ്പിക്കാനും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.
2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചു സൈന്യം അധികാരം പിടിച്ചതോടെയാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറായത്.