അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു, വിഷമം കേൾക്കാൻ ആരുമുണ്ടായില്ല- കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ ജീവനൊടുക്കിയ 27-കാരി ആരതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. ദീർഘനാളായി കടുത്ത പീഡനമാണ് താൻ നേരിട്ടതെന്ന് ആരതി കുറിപ്പിൽ പറയുന്നു.
തന്റെ വിഷമങ്ങൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, ഭർത്താവ് അതുലിന്റെ മർദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പലരോടും പങ്കുവെച്ചിരുന്നതായും കുറിപ്പിലുണ്ട്. അമ്മയ്ക്ക് സംഭവങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ആരതി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സ്വർണം പല ആവശ്യങ്ങൾക്കായി അതുലിന് നൽകിയിരുന്നു. ഇനിയും ഈ ബന്ധവുമായി മുന്നോട്ടുപോകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്.
ആരതിയുടെ മരണത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാർഹിക പീഡനവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആരതിയുടെ ശരീരത്തിൽ 13 മുറിവുകൾ കണ്ടെത്തിയിരുന്നു. മർദ്ദനമേറ്റതിന്റെ പാടുകൾ ഇൻക്വസ്റ്റ് നടപടികൾക്കിടയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഭർത്താവിന്റെ നിരന്തരമായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ആരതിയുടെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.