“കാലുകൾ കുഴഞ്ഞുപോയി, ഓടാൻ കഴിഞ്ഞില്ല”: മീനാക്ഷി പാലത്തിലെ നടുക്കുന്ന അനുഭവവുമായി കൂടമ്മാൾ
“എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. മലമുകളിൽ നിന്ന് മണ്ണും വെള്ളവും വൻ വേഗതയിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ട് ജീവനും കൊണ്ട് ഓടി. പക്ഷേ, ഓടിയിട്ടും എത്തുന്നില്ലായിരുന്നു. ഭയം കൊണ്ട് കാലുകൾ കുഴഞ്ഞുപോയി…” വയനാട് മേപ്പാടി കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ കൂടമ്മാളിന്റെ വീഡിയോ കണ്ടവർ ആദ്യം പറഞ്ഞത് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്നായിരുന്നു. അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെയായിരുന്നു സംഭവിച്ചത്. തനിക്കുണ്ടായ അനുഭവം വിവരിക്കുമ്പോൾ കൂടമ്മാളിന്റെ വാക്കുകളിൽ ആ ഭീതി ഇപ്പോഴുമുണ്ട്.
ബാങ്കിലേക്ക് പോകാനായി ഭർത്താവ് പാൽരാജിനൊപ്പം ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു നാടിനെയാകെ വിറപ്പിച്ച ആ ദുരന്തം വിതച്ച് മണ്ണും ചെളിയും മലവെള്ളപ്പാച്ചിലായി പാഞ്ഞെത്തിയത്. പ്രദേശത്തെ തട്ടുകടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആ നടുക്കുന്ന ദൃശ്യങ്ങൾ കള്ളാടിയിലെ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.
വൻ ശബ്ദത്തോടെ മലയിടിഞ്ഞ് മണ്ണും കൂറ്റൻ പാറകളും താഴേക്ക് പതിക്കുകയും, ആഘാതത്തിൽ പാലം കടന്ന് മണ്ണും ചെളിയും കവിഞ്ഞൊഴുകുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ദുരന്തമുഖത്ത് നിന്ന് കൂടമ്മാളും ഭർത്താവും ജീവനും കൊണ്ട് ഓടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.വെള്ളം നിറച്ച ഭാരമേറിയ ടാങ്കർ ലോറിയടക്കം കുത്തിയൊലിച്ചു വന്ന ചെളിയിലും വെള്ളത്തിലും പെട്ട് ഒഴുകിപ്പോകുന്നതിനിടയിലൂടെയാണ് ഇവർ അത്ഭുതകരമായി ഓടി രക്ഷപ്പെട്ടത്.
ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വലിയൊരു മുഴക്കത്തോടെ മലയിടിഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു നിമിഷം വൈകിയിരുന്നെങ്കിലോ അല്ലെങ്കിൽ ബസ് കാത്ത് അവിടെത്തന്നെ നിൽക്കുകയായിരുന്നെങ്കിലോ തങ്ങൾ പൂർണ്ണമായും മണ്ണിനടിയിലാകുമായിരുന്നുവെന്ന് കൂടമ്മാൾ പറയുന്നു. സമയബന്ധിതമായി ഭർത്താവ് പാൽരാജ് കൈപിടിച്ച് ഓടിയതിനാലാണ് മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനായതെന്ന് ഇവർ ഓർത്തെടുക്കുന്നു. വൻ അപകടത്തിൽപ്പെട്ട് കുതിച്ചെത്തിയ ചെളിവെള്ളത്തിനിടയിലൂടെയാണ് ഓടിയതെങ്കിലും ഭാഗ്യവശാൽ ഇരുവർക്കും ഗുരുതരമായ പരിക്കുകളില്ല.