'എന്റെ കോഴിയുടെ കാലൊടിച്ചു'. നീതി തേടി അയല്‍വാസിക്കെതിരെ പരാതിയുമായി വയോധിക
ഹൈദരാബാദ്: തെലങ്കാനയില്‍ തന്റെ കോഴിയുടെ കാലൊടിച്ചുവെന്ന പരാതിയുമായി അയല്‍വാസിക്കെതിരെ വീണ്ടും വയോധിക.
നല്‍ഗൊണ്ട ജില്ലയിലെ ഗൊല്ലഗുഡം ഗ്രാമത്തിലാണ് സംഭവം. ഗംഗമ്മ എന്ന വയോധികയാണ് പരാതിയുമായി നക്രേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
പറമ്പിലേക്ക് കടന്ന ദേഷ്യത്തില്‍ അയല്‍വാസി വിരാബോയ്നയുടെ മകന്‍ രാജേഷ് കോഴിയുടെ കാലിനുനേരെ വടി എറിഞ്ഞുവെന്നും കോഴിയുടെ രണ്ട് കാലും ഒടിഞ്ഞെന്നുമാണ് പരാതി.
കഴിഞ്ഞ വര്‍ഷവും സമാനമായ പരാതിയുമായി വയോധിക പൊലീസിനെ സമീപിച്ചിരുന്നു. പരിക്കേറ്റ കോഴിയുമായാണ് ഗംഗമ്മ അന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തനിക്ക് നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്നും കോഴിയെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വയോധിക ആവശ്യപ്പെട്ടു.
സംഭവം ചര്‍ച്ചയായതോടെ ഗംഗമ്മയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ പരാതിയില്‍ നിന്ന് വയോധിക പിന്മാറില്ലെന്ന് ഉറപ്പായതോടെ ഗ്രാമമധ്യസ്ഥര്‍ മുഖേന പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ഗംഗമ്മ അതിനും വഴങ്ങിയില്ല.
നേരത്തെ ഇവരുടെ പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഗംഗമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണെന്ന് നക്രേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാജശേഖര്‍ പറഞ്ഞു.