കുട്ടി ഡ്രൈവര്‍മാരെ പിടിക്കാന്‍ പരിശോധന വ്യാപകമാക്കി എംവിഡി; കോഴിക്കോട് എട്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന
കോഴിക്കോട്: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലായി രാവിലെ മുതല്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ജില്ലയില്‍ 8 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. കുറ്റിക്കാട്ടൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാകേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കുട്ടികള്‍ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് വാഹനം ഓടിക്കുന്നതെന്ന് പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാഹനത്തിന്റെ ഉടമസ്ഥതയും കുട്ടികളുടെ പ്രവൃത്തിയും സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനം ഓടിച്ചാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ കേസ് സമര്‍പ്പിക്കുമെന്നും വാഹന ഉടമകള്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിക്കുകയും, പിഴയും തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
അമിത വേഗത, അമിത ഭാരം, സ്‌കൂള്‍ പരിസരങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍, അണ്‍ഓതറൈസ്ഡ് പാര്‍ക്കിങ് എന്നിവയ്‌ക്കെതിരെയാണ് ശക്തമായ പരിശോധന നടക്കുന്നുന്നത്.
കൂടാതെ, എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായി നേരിടുമെന്നും ഈ പരിശോധനകള്‍ തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.