ആറന്മുളയില്‍ ദുരിതാശ്വാസത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് എംവിഡി പിഴ ചുമത്തി

 
mvd


പത്തനംതിട്ട: ആറന്മുളയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. 

അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5,000 രൂപയും, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയും ഉള്‍പ്പെടെ ആകെ 7,000 രൂപയാണ് പിഴ ചുമത്തിയത്.

 പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് എം.വി.ഡി ഉദ്യോഗസ്ഥര്‍ പിഴ വിധിച്ചത്.

വാഹനത്തിന്റെ സ്പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനായി പോകുന്ന വഴിയായിരുന്നു പരിശോധന. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പിഴയടക്കാന്‍ തയ്യാറാണെന്നും വാഹനത്തിന്റെ ഉടമസ്ഥരും ഡ്രൈവറും വ്യക്തമാക്കി.

 എന്നാല്‍ ദുരിതാശ്വാസ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ ഇത്തരം ഒരു നടപടിയുണ്ടായത് മാനസികമായി വേദനിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. മുന്‍വശത്ത് ഘടിപ്പിച്ചിരുന്ന രണ്ട് ലൈറ്റുകള്‍ ഷോയ്ക്ക് വച്ചതാണെന്നും അതിലേക്ക് വയറിംഗ് കണക്ഷനുകള്‍ പോലും നല്‍കിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ,കോഴഞ്ചേരിയില്‍ ദുരന്തനിവാരണത്തിനും ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും ഓഫ് റോഡ് വാഹനങ്ങള്‍ നടത്തിയ സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

Tags

Share this story

From Around the Web