എം വി ഗോവിന്ദന്റേത് തരംതാണ പ്രസ്താവന.ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത്:സീറോ മലബാര്‍ കത്തോലിക്കാ സഭ

കണ്ണൂര്‍:തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് നേരെയുള്ള വിമര്‍ശനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കടന്നാക്രമിച്ച് സീറോ മലബാര്‍ കത്തോലിക്കാ സഭ.
എം വി ഗോവിന്ദന്റേത് തരംതാണ പ്രസ്താവനയെന്നും ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത് എന്നുമാണ് സഭയുടെ മറുപടി. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നായിരുന്നു ആര്‍ച്ചുബിഷപ്പിനെതിരെ എം വി ഗോവിന്ദന്റെ വിമര്‍ശനം.
കണ്ണൂര്‍ തളിപ്പറമ്പില്‍ ഇന്നലെ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ എം വി ഗോവിന്ദന്റെ രൂക്ഷ വിമര്‍ശനം.
ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിച്ചത് അവസരവാദ നിലപാടായി ചൂണ്ടിക്കാണിച്ചു. തൊട്ടുപിന്നാലെ രൂക്ഷ വിമര്‍ശനവുമായി രാത്രി തന്നെ അതിരൂപതയുടെ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി.
ഗോവിന്ദന്റേത് തരം താഴ്ന്ന പ്രസ്താവന എന്നും സഭാ നേതാക്കള്‍ക്ക് പ്രതികരണം നടത്താന്‍ എകെജി സെന്ററിലെ തിട്ടൂരം വേണ്ടെന്നും വിമര്‍ശനം. വീണ്ടു വിചാരമില്ലാത്ത പ്രസ്താവനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഗോവിന്ദച്ചാമിയെ പോലെ തരംതാഴരുതെന്നും കത്തോലിക്കാ കോണ്‍ഗ്രസ്.
സിപിഎമ്മിനെ ചീത്ത പറഞ്ഞ് ആര്‍എസ്എസ് പിന്തുണ ഉറപ്പിക്കാനാണ് ഒരു വിഭാഗം ക്രൈസ്തവ സഭാ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
എന്നാല്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ക്രൈസ്തവ നേതൃത്വം മായുള്ള പരസ്യ പോര് തുടരേണ്ടതില്ലെന്നാണ് സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.