തടവുകാരുടെ തീൻമേശയിൽ നിന്ന് മട്ടനും മീനും പുറത്തേക്ക് ? ചെലവുചുരുക്കലിനും ആരോഗ്യസംരക്ഷണത്തിനുമായി ജയിൽ മെനു ഉടച്ചുവാർക്കാൻ ശുപാർശ. പകരമെത്തുന്നത് ചിക്കനും സോയയും മുട്ടയും
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ മെനുവിൽ പതിറ്റാണ്ടുകളായി ഇടംപിടിച്ചിരുന്ന ആട്ടിറച്ചിയും (മട്ടൻ) മീൻ കറിയും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം.
അധിക ചെലവ് ചുരുക്കൽ, ആരോഗ്യപരമായ കാരണങ്ങൾ, സംഭരണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ മുൻനിർത്തിയാണ് ഈ രണ്ട് വിഭവങ്ങളും പൂർണ്ണമായി ഒഴിവാക്കണമെന്ന നിർദ്ദേശം ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
ഇതുസംബന്ധിച്ച് ജയിൽ മേധാവി ഡി.ജി.പി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് ഔദ്യോഗിക ശുപാർശ കൈമാറി. മട്ടനും മീനും മെനുവിൽ നിന്ന് വെട്ടി പകരം കോഴിക്കറിയും (ചിക്കൻ), സോയാബീൻ ചങ്ക്സും, മുട്ടയും ഉൾപ്പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
നിലവിലെ മെനു അനുസരിച്ച് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീൻ കറിയും, ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 100 ഗ്രാം മട്ടൻ കറിയുമാണ് തടവുകാർക്ക് നൽകിവരുന്നത്.
ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ ജയിൽ വകുപ്പിന് പ്രതിവർഷം 5.7 കോടി രൂപയോളം ഖജനാവിലേക്ക് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ തടവുകാർക്ക് മട്ടൻ നൽകാൻ പ്രതിവർഷം 5.72 കോടി രൂപയും മീൻ വിഭവങ്ങൾക്കായി 4.8 കോടി രൂപയുമാണ് ചെലവാകുന്നത്.
എന്നാൽ മട്ടന് പകരം ചിക്കൻ വിഭവമാക്കിയാൽ ചെലവ് 1.26 കോടി രൂപയായി കുത്തനെ കുറയും. മീനിന് പകരമായി സോയാബീനും മുട്ടയും നൽകുമ്പോൾ 3.4 കോടി രൂപ മാത്രമേ വരികയുള്ളൂ.
സാമ്പത്തിക ലാഭത്തിന് പുറമെ, ആട്ടിറച്ചി പോലുള്ള 'റെഡ് മീറ്റ്' പതിവായി കഴിക്കുന്നത് മൂലം തടവുകാരിൽ ഹൃദ്രോഗ സാധ്യത ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും മെനു പരിഷ്കരണത്തിന് പ്രേരണയായി.
1967-ലാണ് ജയിൽ ഭക്ഷണത്തിൽ ആദ്യമായി മട്ടൻ ഉൾപ്പെടുത്തുന്നത്. തുടക്കത്തിൽ ഒരാൾക്ക് 57 ഗ്രാം നൽകിയിരുന്നത് പിന്നീട് 71 ഗ്രാമാക്കി ഉയർത്തി. തുടർന്ന് 2014-ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ പരിഷ്കരണത്തിലാണ് എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാക്കി നിജപ്പെടുത്തിയത്.
കുപ്രസിദ്ധമായ 'ഗോതമ്പ് ഉണ്ടയും' ഉണക്കമീനും ഒഴിവാക്കി പച്ചമീൻ കറി മെനുവിൽ ഇടംപിടിച്ചതും 2014-ലെ പരിഷ്കരണത്തിന്റെ ഭാഗമായാണ്.
മാംസാഹാരത്തിലെ ഈ മാറ്റങ്ങൾ ഒഴികെ ജയിലിലെ മറ്റ് ഭക്ഷണക്രമങ്ങളിൽ കാര്യമായ മാറ്റമുണ്ടാകില്ല. നോൺ-വെജ് വിളമ്പുന്ന ദിവസങ്ങളിൽ സസ്യഭുക്കുകളായ തടവുകാർക്ക് അധിക പച്ചക്കറി വിഭവങ്ങൾ നൽകും.
പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ ഗ്രീൻപീസ്, കടല, സാമ്പാർ, ചായ എന്നിവയോടൊപ്പം മാറിമാറി നൽകുന്നത് തുടരും. ഉച്ചയ്ക്ക് ചോറിനൊപ്പം അവിയൽ, തീയൽ, തോരൻ, പുളിശ്ശേരി, തൈര് എന്നിവയും അത്താഴത്തിന് കപ്പ, രസം, അച്ചാർ എന്നിവയുമാണ് നൽകുന്നത്.
രോഗികളായ അന്തേവാസികൾക്ക് മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേക പഥ്യാഹാരവും പ്രധാന ഉത്സവ ദിനങ്ങളിൽ വിപുലമായ സദ്യയും തുടർന്നും ലഭിക്കും. ശുപാർശയിൽ ആഭ്യന്തര വകുപ്പ് ഉടൻ അന്തിമ തീരുമാനമെടുക്കും.