മുട്ടില്‍ മരംമുറി കേസ്; പിഴവുകള്‍ തിരുത്തിയ പുതുക്കിയ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു

 
muttil maramuri


 
വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച പുതുക്കിയ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നേരത്തെ സാങ്കേതിക പിഴവുകളും ആവശ്യമായ രേഖകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം മടക്കിയിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നും മരം വനഭൂമിയില്‍ നിന്നാണോ റവന്യൂ ഭൂമിയില്‍ നിന്നാണോ മുറിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിടിച്ചെടുത്ത തടികളും മരം കടത്താന്‍ ഉപയോഗിച്ച വാഹനവും സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ ആവശ്യമായ രേഖകളിലും പോരായ്മകളുണ്ടായിരുന്നു.


തുടര്‍ന്ന് ചൂണ്ടിക്കാട്ടിയ പിഴവുകളും ക്ലറിക്കല്‍ തെറ്റുകളും പരിഹരിച്ച് ആവശ്യമായ വിശദീകരണങ്ങളും രേഖകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചത്. ഇതോടെയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്. കേസില്‍ അടുത്ത നടപടികള്‍ക്കായി ഒക്ടോബര്‍ 26ന് കോടതി പരിഗണിക്കും.


മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര കോടതിയില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരായ വഞ്ചനാക്കേസും നിലവിലുണ്ട്. 

മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താല്‍ ചോറ്റാനിക്കര കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ നേരത്തെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

 ഈ രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു.

മുട്ടില്‍ കേസിലെ 1/2021 കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരടക്കം ഏഴ് പേരാണ് കേസിലെ പ്രതികള്‍. കേരള ഫോറസ്റ്റ് ആക്ട്, ബയോഡൈവേഴ്‌സിറ്റി ആക്ട്, 1975ലെ ട്രാന്‍സിറ്റ് റൂള്‍ തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web