മുട്ടില്‍ മരംമുറിക്കേസ്; വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയതില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മെമ്മോ, വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മെമ്മോ നല്‍കി. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
ഫയലുകള്‍ കോടതിയില്‍ എത്തിക്കുന്നതിലും നിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷവും ഏഴ് മാസത്തിനുശേഷമാണ് കേസില്‍ കൃത്യമായ കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ കോടതി അത് മടക്കുകയും ക്ലറിക്കല്‍ വീഴ്ചകളും കാലതാമസവും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കുറ്റപത്രം മടക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി അന്ന് തന്നെ വിശദീകരണം തേടുകയും നോര്‍ത്ത് എന്‍സിസിഎഫുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മെമ്മോ നല്‍കിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ ആന്റോ അഗസ്റ്റിന് കളമശ്ശേരി പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. വരുന്ന മൂന്നാം തീയതിക്കകം സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഇത് കളമശ്ശേരി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും, സാവകാശം തേടി ആന്റോ കത്തയക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് നല്‍കി.
കൂടുതല്‍ കണ്ടെത്തുക
എന്നാല്‍ അഞ്ചാം തീയതി വരെ നാട്ടിലില്ലെന്നും സാവകാശം വേണമെന്നും ആന്റോ മറുപടി നല്‍കി. എന്നാല്‍ ഗുരുതരമായ കേസ് ആയതിനാല്‍ അന്വേഷണം വൈകിപ്പിക്കാനാകില്ലെന്നും ആന്റോയെ ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്നാം തീയതിക്കകം ഹാജരാകാനാണ് പുതിയ നോട്ടീസിലെ നിര്‍ദേശം.