ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണാർഥം മാൾട്ടയിൽ സംഗീത നിശ
ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24-ന് രാത്രി 7:30-ന് മാൾട്ടയിലെ എംഡിനയിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിൽ പ്രത്യേക അനുസ്മരണ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ നിന്നുള്ള വരുമാനം പാവപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി സഭ നടത്തുന്ന ‘ഇദ്-ദാർ തൽ-പ്രൊവിഡൻസ’ (Id-Dar tal-Providenza) എന്ന അഗതിമന്ദിരത്തിന് കൈമാറും.
മാൾട്ട പൊലീസ് സേനയും പരിശുദ്ധ സിംഹാസനത്തിലെ (വത്തിക്കാൻ) മാൾട്ടീസ് എംബസിയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഭരണകാലത്തെയും ദർശനങ്ങളെയും പ്രതിഫലിപ്പിക്കുന്ന “ഫ്രാൻസെസ്കോ: ഷെപ്പേർഡ് ഓഫ് മെഴ്സി” (Francesco: Shepherd of Mercy) എന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സംഗീത വിരുന്നാണ് ചടങ്ങിലെ പ്രധാന ആകർഷണം.
വത്തിക്കാനിലെ മാൾട്ടീസ് അംബാസഡർ ഫ്രാങ്ക് സാമിറ്റ് വരികളെഴുതിയ ഈ സംഗീത വിരുന്നിന് മാൾട്ട പൊലീസ് ഫോഴ്സ് ഓർക്കസ്ട്രയുടെ കണ്ടക്ടർ മാസ്ട്രോ ആന്റണി കസാർ സംഗീതം നൽകിയിരിക്കുന്നു.
മാൾട്ടീസ് പോലീസ് കമ്മീഷണർ ആഞ്ചലോ ഗാഫ, ആർച്ച് ബിഷപ്പ് ചാൾസ് ജൂഡ് സിക്ലൂണ, അപ്പസ്തോലിക് നുൺഷിയേച്ചർ പ്രതിനിധികൾ തുടങ്ങിയ പ്രമുഖ സിവിൽ-മത നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.