പാരമ്പര്യ ലംഘനങ്ങളിലൂടെ പിറുപിറുപ്പുകള്‍ കൂടുന്നുവെന്നും നമ്മള്‍ എന്തായിരുന്നു എന്നുള്ളതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാരമ്പര്യ ലംഘനങ്ങളിലൂടെ പിറുപിറുപ്പുകള്‍ കൂടുന്നുവെന്നും നമ്മള്‍ എന്തായിരുന്നു എന്നുള്ളതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലോടനുബന്ധിച്ച് രൂപതയ്‌ക്കൊപ്പം ജനിച്ച് 75 വയസ്സായവരുടെ സംഗമമായ ലിഫ് ഗോഷ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വത്വബോധത്തെയും സ്വന്തമെന്ന ബോധത്തെയും വളര്‍ത്താന്‍ ഇത്തരം കൂടി വരവുകള്‍ക്ക് പ്രസക്തിയുണ്ടെന്നും നമ്മുടെ വേരുകളും ഉറവിടങ്ങളും കണ്ടെത്താന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയുടെ 75 ആം പിറന്നാളിനോട് അനുബന്ധിച്ചുള്ള കൂറ്റന്‍ കേക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശിര്‍വദിച്ചു മുറിച്ചു.
പാലാ രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാലു വൈദികരെയും 26 കന്യാസ്ത്രീകളെയും 418 അല്മായരെയും ആദരിച്ചു. ഫാമിലി അപ്പസ്‌തോലറ്റ് ഡയറക്ടര്‍ ഫാദര്‍ ജോസഫ് നരിതൂക്കില്‍ സ്വാഗതമാശംസിച്ചു.
രൂപതാ വികാരി ജനറാള്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം സെന്റ് മേരിസ് പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡന്റ് ഷേര്‍ളി ചെറിയാന്‍ മഠത്തിപ്പറമ്പില്‍, പ്രോലൈഫ് രൂപത പ്രസിഡന്റ് മാത്യു എം കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.