രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസ്: വിരലടയാള പരിശോധന തുടങ്ങി, കൊലപാതക കാരണം ഇനിയും അജ്ഞാതം
കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി വിരലടയാള വിദഗ്ധര്‍ പരിശോധന ആരംഭിച്ചു.
തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയിന്‍ മറ്റത്ത് ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരിച്ചറിയുന്നത് ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്നാണ് വിവരം.
പരിശോധന പൂര്‍ത്തിയായാല്‍ മൃതദേഹങ്ങള്‍ ഫ്യൂനറല്‍ ഹോമിലേക്ക് മാറ്റും. നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതും എംബാം ചെയ്യുന്നതുമെല്ലാം ഇവിടെവച്ചാണ് നടക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
മൃതദേഹങ്ങള്‍ ഫ്യൂനറല്‍ ഹോമിലേക്ക് മാറ്റിയ ശേഷമായിരിക്കും ഇരുവരുടെയും ബന്ധുക്കള്‍ നാട്ടിലേക്ക് തിരിക്കുക. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
അഞ്ജനയും കേസില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനിലയും (32) മില്‍പീറ്റസിലെ അപ്പാര്‍ട്‌മെന്റുകളിലാണ് താമസിച്ചിരുന്നത്. ആന്‍ മേരി മാത്യു ഇവിടുനിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള സാന്‍ ഹൊസെയിലായിരുന്നു താമസം.
വീട്ടില്‍ കുത്തേറ്റാണ് ആന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് മില്‍പീറ്റസിലെ അപ്പാര്‍ട്‌മെന്റിന് താഴെയുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനമിടിച്ചാണ് അഞ്ജന കൊല്ലപ്പെട്ടത്. എന്നാല്‍ ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.
മൂന്ന് കുടുംബങ്ങളും നേരത്തെ നല്ല ബന്ധത്തിലായിരുന്നുവെന്നും ഒരുമിച്ച് ഓണാഘോഷം നടത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കേസിന്റെ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രി ഓഫിസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസും ഇടപെടുന്നുണ്ട്.
പ്രാഥമികമായി ലഭിക്കുന്ന വിവരം അനുസരിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവന്നേക്കും. കേസിലെ കൊലപാതക കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.