കാനഡയിൽ ഇന്ത്യൻ സമൂഹത്തെ നടുക്കിയ യുവതിയുടെ കൊലപാതകം: ഏഴ് മാസത്തെ ഒളിവുജീവിതത്തിന് ശേഷം പ്രതി വിമാനത്താവളത്തിൽ വെച്ച് പിടിയിൽ

 
canada 1

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഏഴ് മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. 32 വയസ്സുകാരനായ അബ്ദുള്‍ ഗഫൂറിയെയാണ് വെള്ളിയാഴ്ച ടൊറന്റോ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടിയത്. 

ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊറന്റോയിലെ താമസസ്ഥലത്ത് 30 കാരിയായ ഹിമാന്‍ഷി ഖുറാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും, ഹിമാന്‍ഷിയുമായി അടുപ്പത്തിലായിരുന്ന അബ്ദുള്‍ ഗഫൂറിക്കായി രാജ്യവ്യാപകമായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു.

രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹകരണത്തോടെ ടൊറന്റോ പോലീസിലെ ഫ്യൂജിറ്റീവ് സ്‌ക്വാഡും ഹോമിസൈഡ് വിഭാഗവും ചേര്‍ന്നാണ് പ്രതിയെ കാനഡയിലേക്ക് തിരിച്ചെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ശനിയാഴ്ച പ്രതിയെ ടൊറന്റോ റീജിയണല്‍ ബെയില്‍ സെന്ററില്‍ ഹാജരാക്കി. ഹിമാന്‍ഷിയുടെ ദാരുണമായ വേര്‍പാടില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ തന്നെ ആഴത്തിലുള്ള ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുകയും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web