സെന്‍ട്രല്‍ ആഫ്രിക്കയിലെ കത്തോലിക്കാ വൈദികന്റെ കൊലപാതകം: സിവിലിയന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ (CAR) നടന്ന സായുധ ആക്രമണത്തില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്തെ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്' (CSW). ജൂണ്‍ 29 ന് വൈദികമന്ദിരത്തിലേക്ക് മടങ്ങുന്നതിനിടെ വെടിയേറ്റു മരിച്ച ബംഗാസു രൂപതയിലെ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സെമിയോ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ക്രെപിന്‍ മാര്‍ഷല്‍ മോംഗയുടെ കൊലപാതകത്തെ സി എസ് ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് ശക്തമായി അപലപിച്ചു.
''ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയുമായി ചേര്‍ന്ന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ട് ആം ഡാഫോക്കിലെ (Am Dafock) എല്ലാ സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഫാ. ക്രെപിന്‍ മാര്‍ഷല്‍ മോംഗയുടെ കുടുംബാംഗങ്ങളുടെയും ഇടവകയുടെയും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കത്തോലിക്കാ സമൂഹത്തിന്റെയും ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഈ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അധികാരികള്‍ തയ്യാറാകണം'' - തോമസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുഃഖാചരണത്തിന്റെ ഈ വേളയില്‍ ഈ മേഖലയിലേക്ക് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ അയയ്ക്കണമെന്നും സെമിയോയിലെ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹാര്‍ദവും കൊണ്ടുവരാന്‍ ഫാ. മോംഗോ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അധികാരികളോട് ആവശ്യപ്പെടുന്നതായും തോമസ് വ്യക്തമാക്കി. പ്രാദേശിക-രൂപതാ സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, സെന്‍ട്രല്‍ ആഫ്രിക്കന്‍ സായുധസേനയുടെ (FACA) ചെക്ക്പോസ്റ്റിനെയും വൈദികമന്ദിരത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ വച്ച് വൈകുന്നേരം 6:43 ഓടെയായിരുന്നു ആക്രമണം.
തലയ്ക്ക് വെടിയേറ്റ വൈദികന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഇടവകാംഗമായ ഒരു സ്ത്രീയുടെ കഴുത്തിനും വെടിയേറ്റിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ സെമിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണെന്നും മികച്ച സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നേക്കാമെന്നും മെഡിക്കല്‍സംഘം അറിയിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല; പ്രതികളെ തിരിച്ചറിഞ്ഞിട്ടുമില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.