കത്തോലിക്കാ വൈദികന്റെ കൊലപാതകം: സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടലിന് മനുഷ്യാവകാശ സംഘടനയുടെ ആഹ്വാനം
നുബ മലനിരകളിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും തന്റെ ജനങ്ങളെ ഉപേക്ഷിക്കാതെ അവർക്കൊപ്പം നിലകൊണ്ട ഫാ. യുഹാന അൽ-അമീന്റെ കൊലപാതകത്തെത്തുടർന്ന്, സുഡാനിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’ (CSW). ജൂൺ 19-നാണ് സുഡാനിലെ എൽ ഒബെയ്ദ് കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള കൗഡ സെന്റ് വിൻസെന്റ് ഇടവകയിലെ വികാരിയായിരുന്ന ഫാ. യുഹാന കൊല്ലപ്പെട്ടത്.
പ്രദേശവാസികൾക്കായി സഭ സൂക്ഷിച്ചിരുന്ന മരുന്നുകൾ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് അധികാരികൾക്ക് റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് പറയപ്പെടുന്നത്. ജൂൺ 25 വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സിഎസ്ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ്, ക്രൂരമായ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. വിവാദങ്ങളും അസ്ഥിരതയും വിഴുങ്ങിയ നുബ മലനിരകളിൽ വച്ച് ഫാ. യുഹാനയോടൊപ്പം ഇടവകയിലെ വാച്ച്മാനും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ജൂൺ 20 ശനിയാഴ്ച ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രദേശത്ത് സജീവമായ സായുധ സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഗോത്ര സംഘർഷങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്.
‘സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത്’ (SPLM-N) എന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള നുബ മലനിരകളിലെ പ്രധാന കേന്ദ്രമാണ് കൗഡ. സമീപ മാസങ്ങളിൽ സുരക്ഷാ സാഹചര്യങ്ങൾ അങ്ങേയറ്റം മോശമാവുകയും സായുധ-ഗോത്ര ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കുകയും ചെയ്തതോടെ പല സന്ന്യാസിമാരും വൈദികരും ഈ പ്രദേശം വിട്ടുപോയിരുന്നു. എന്നാൽ മാനുഷിക സാഹചര്യങ്ങൾ ഇത്രയധികം വഷളായിട്ടും താൻ സേവനം ചെയ്യുന്ന ഇടത്തെ ജനങ്ങളെ തനിച്ചാക്കാൻ ഫാ. യുഹാന തയ്യാറായില്ല. ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നേരിടുന്ന ഈ മേഖലയിൽ ആത്മീയ ശുശ്രൂഷകൾക്ക് അപ്പുറം ദുർബലരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്നതിൽ സഭ വലിയ പങ്കുവഹിച്ചിരുന്നു. അതിന് നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.