ദുരന്തഘട്ടങ്ങളിൽ അടിയന്തിര പ്രതികരണത്തിന് ഇനി 'കൈത്തുണ', മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ വിദ്യാർത്ഥി ആരോൺ ലെസ്റ്റി സന്തോഷിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രശംസ

 
kaithuna 1

കോട്ടയം: പ്രകൃതിദുരന്തങ്ങളും അപകടസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ അടിയന്തിര പ്രതികരണത്തിനായി സ്കൂൾ വിദ്യാർത്ഥി വികസിപ്പിച്ചെടുത്ത നൂതന ഡിജിറ്റൽ സംവിധാനമായ ‘കൈത്തുണ’ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ആശയം പ്രായോഗികമാക്കിയത് കങ്ങഴ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആരോൺ ലെസ്റ്റി സന്തോഷാണ്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ ഗൂഗിൾ മീറ്റ് വഴി കേരളത്തിലെ മുഴുവൻ ജില്ലകളെയും അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത 'കൈത്തുണ'യുടെ സാങ്കേതിക അവതരണം നടന്നു. പദ്ധതിയുടെ പ്രവർത്തനരീതിയും ദുരന്തനിവാരണ രംഗത്തെ സാധ്യതകളും ആരോൺ ലെസ്റ്റി സന്തോഷ്‌ ദുരന്ത നിവാരണ അതോറിറ്റിയെ ബോധ്യപ്പെടുത്തി.

അടിയന്തിര ഘട്ടങ്ങളിലെ പ്രതികരണത്തിന് 'കൈത്തുണ' മുമ്പോട്ട് വെയ്ക്കുന്ന വിവിധ മാർഗ്ഗങ്ങൾ വിലയിരുത്തിയ അധികൃതർ, കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ആരോൺ ലെസ്റ്റി സന്തോഷിന്റെ ദീർഘവീക്ഷണത്തെ അഭിനന്ദിച്ചു. അപകടമോ ദുരന്തമോ സംഭവിക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തുന്നതിനുള്ള സവിശേഷത അതോറിറ്റിയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകരെ കൃത്യസമയത്ത് ശരിയായ സ്ഥലത്തേക്ക് 'കൈത്തുണ' നയിക്കുമെന്നതും കൈയ്യടി നേടി.

'കൈത്തുണ'യുടെ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേനെ സർക്കാരിന് മുന്നിൽ പദ്ധതി അവതരിപ്പിക്കാൻ യോഗത്തിൽ നിർദേശമുണ്ടായി. സർക്കാർ നടപ്പാക്കുന്ന വിവിധ ഇന്റേൺഷിപ്പ് പരിപാടികളിലേക്ക് ആരോണിനെ അധികൃതർ നേരിട്ട് ക്ഷണിക്കുകയും ചെയ്തു.

അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾക്കും രക്ഷാപ്രവർത്തകർക്കും ഒരേസമയം കൃത്യമായ വിവരങ്ങൾ കൈമാറാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സഹായിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ 'കൈത്തുണ' ദുരന്തങ്ങളെ നേരിടുന്നതിനുള്ള നവ സുരക്ഷാ സംവിധാനമായി പേരെടുക്കുകയാണ്. സംഭവസ്ഥലം മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തുന്നതിനും, ദുരന്തത്തിന്റെ തീവ്രത വിലയിരുത്തുന്നതിനും, പ്രദേശത്ത് ലഭ്യമായ സുരക്ഷാ സംവിധാനങ്ങളും ഷെൽട്ടറുകളും വാഹനങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനും, സ്വീകരിച്ച നടപടികളും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും രേഖപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങളാണ് 'കൈത്തുണ' വിഭാവനം ചെയ്യുന്നത്.

നിലവിലുള്ള എമർജൻസി നമ്പറായ 112 നോ സർക്കാർ ഏജൻസികളുടെ അധികാരങ്ങൾക്കോ ബദലാകാതെ, ഇപ്പോഴുള്ള സംവിധാനങ്ങൾക്ക് ശക്തമായ സാങ്കേതിക പിന്തുണ നൽകുന്ന രീതിയിലാണ് 'കൈത്തുണ' രൂപകല്പന ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥിക്ക് പ്രോത്സാഹനം നൽകും വിധം ജില്ലാ ഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും സന്ദേശം അയച്ചതുൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ വിവരസാങ്കേതിക വിഭാഗം അധ്യാപകൻ റെജി വി. ആർ. നേതൃത്വം നൽകി. കുട്ടികളുടെ ശാസ്ത്ര-സാങ്കേതിക അഭിരുചികൾ പൊതുസുരക്ഷയ്ക്ക് പ്രയോജനപ്പെടുത്താമെന്നതിന്റെ മികച്ച മാതൃകയായി മാറുകയാണ് ആരോൺ ലെസ്റ്റി സന്തോഷിന്റെ 'കൈത്തുണ'യെന്ന് ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web